പൂരനഗരിയെ ജനസാഗരമാക്കി ഭാരത് ജോഡോ യാത്ര; വൈകിട്ട് തേക്കിന്‍കാട് മൈതാനിയില്‍ പൊതുസമ്മേളനം

Saturday, September 24, 2022

തൃശൂർ/ചാലക്കുടി: ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനഃരാരംഭിച്ചു. രാവിലെ ചാലക്കുടിയിൽ നിന്നും തുടങ്ങിയ പദയാത്രയുടെ ആദ്യ ഘട്ടം ആമ്പല്ലൂരിലാണ് സമാപിച്ചത്. വൈകിട്ട് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. ഭാരത് ജോഡോ യാത്ര ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടന്നു.

രാവിലെ ആറരയ്ക്ക് ചാലക്കുടി പേരാമ്പ്ര അപ്പോളോ ടയേഴ്സിന് മുന്നിൽ നിന്നാണ് തൃശൂർ ജില്ലയിലെ രണ്ടാം ദിന പദയാത്ര ആരംഭിച്ചത്. പുലർച്ചെ മുതൽ ത്രിവർണ്ണ പതാകകളുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ഇവിടെ കാത്തുനിന്നിരുന്നു. പദയാത്ര തുടങ്ങിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. മുദ്രാവാക്യം വിളികളുടെ ആരവത്തേരിലേറി രാഹുൽ ഗാന്ധി നടന്നു തുടങ്ങി.

ദേശീയ പാതയിലൂടെ നീങ്ങിയ പദയാത്രയ്ക്ക് അഭിവാദ്യമർപ്പിക്കാൻ ആയിരങ്ങള്‍ വഴിയോരങ്ങളിൽ കാത്തുനിന്നിരുന്നു. വർണ്ണ ബലൂണുകളുമായി സ്ത്രീകളും കുട്ടികളും രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. കാത്തു നിന്നവരെ ആരെയും നിരാശരാക്കാതെ ചേർത്തു പിടിച്ചു നിർത്തിയും വിശേഷങ്ങൾ ചോദിച്ചുമാണ് ജാഥാ നായകൻ മുന്നോട്ട് നീങ്ങിയത്.
പത്ത് മണിയോടെ ആമ്പല്ലൂരിൽ ആദ്യ ഘട്ടം സമാപിച്ചു. ഇടവേളയിൽ മത-സാമുദായിക നേതാക്കളുമായും സാംസ്കാരിക പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തും. വിവിധ തൊഴിൽ മേഖലകളിലുള്ളവരും രാഹുൽ ഗാന്ധിയെ സന്ദർശിക്കും.

ഉച്ചയ്ക്ക് ശേഷം നാല് മണിക്ക് ആമ്പല്ലൂരിന് അടുത്ത് തലോറിൽ നിന്നാണ് യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. തുടർന്ന് ഒല്ലൂർ കുരിയച്ചിറ വഴി തൃശൂർ നഗരത്തിൽ പ്രവേശിക്കും. സ്വരാജ് റൗണ്ട് ചുറ്റി തേക്കിൻകാട് മൈതാനിയിലാണ് സമാപനം. വൻ ജനാവലിയെ അണിനിരത്തി വലിയൊരു പൊതു സമ്മേളനമാണ് കോൺഗ്രസ് നേതൃത്വം തൃശൂരിൽ ഒരുക്കിയിട്ടുണ്ട്.
കോൺഗ്രസ് ദേശീയ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സമീപ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കും.