ദേശിംഗനാടിനെ പുളകച്ചാർത്തണിയിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര: ഇന്നത്തെ പ്രയാണത്തിന് കരുനാഗപ്പള്ളിയില്‍ സമാപനം; നാളെ ആലപ്പുഴയുടെ മണ്ണിലേക്ക്

കൊല്ലം/കരുനാഗപ്പള്ളി: ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഒമ്പതാം ദിവസത്തെ പര്യടനം കരുനാഗപ്പള്ളിയില്‍ സമാപിച്ചു. കൊല്ലം ജില്ലയിലെ യാത്രയുടെ രണ്ടാമത്തെ ദിവസമായ ഇന്ന് പോളയത്തോട് നിന്നാണ് പദയാത്ര ആരംഭിച്ചത്. രണ്ടാം ദിനവും ആവേശകരമായ വരവേൽപ്പാണ് ഭാരത് ജോഡോ പദയാത്രയ്ക്ക് ലഭിച്ചത്.

രാവിലെ  പോളയത്തോട് നിന്ന് ആരംഭിച്ച യാത്രയുടെ ആദ്യ ഘട്ടം മത്സ്യ തൊഴിലാളികളുടെയും കരിമണലിന്‍റെയും നാടായ നീണ്ടകരയിൽ സമാപിച്ചു. ഐക്യത്തിന്‍റേയും ഒരുമയുടെയും സന്ദേശം പകർന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പതിവില്‍ നിന്നും നേരത്തേ രാവിലെ 6.40 ന് ഇന്നത്തെ പ്രയാണമാരംഭിച്ചു. പോളയത്തോട് ജംഗ്ഷനിൽ നിന്നും തുടങ്ങി കൊല്ലം നഗരത്തിലൂടെ പ്രയാണം നടത്തി. ചിന്നക്കട, രാമൻകുളങ്ങര വഴി നീണ്ടകരയിലേക്ക് നടന്നുനീങ്ങിയ യാത്രയിൽ ഇരവിപുരം, കൊല്ലം നിയോജക മണ്ഡലത്തിലെ പ്രവർത്തകരും കുടുംബാംഗങ്ങളും അണിചേർന്നു.കശുവണ്ടി തൊഴിലാളികൾ, ചെറുകിട കശുവണ്ടി വ്യവസായികൾ, കരിമണൽ തൊഴിലാളികൾ, പരമ്പരാഗത തൊഴിലാളികൾ എന്നിവരുമായി രാഹുല്‍ ഗാന്ധി സംവദിച്ചു. ആർഎസ്പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

വൈകിട്ട് 5 മണിയോടെ കരിമണലിന്‍റെ നാടായ ചവറയിൽ നിന്നും ആരംഭിച്ച യാത്രയുടെ രണ്ടാം ഘട്ടം 7.45 ഓടെ കരുനാഗപ്പള്ളിയില്‍ സമാപിച്ചു. കരുനാഗപ്പള്ളിയില്‍ ചേർന്ന പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. പാതയ്ക്ക് ഇരുവശവും കലാരൂപങ്ങളും വാദ്യമേളങ്ങളോടും കൂടിയാണ് ജാഥയ്ക്ക് വരവേൽപ്പ് ഒരുക്കിയത്. പതിവുപോലെ ജനഹൃദയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങി അവരുടെ സ്പന്ദനങ്ങൾ തൊട്ടറിഞ് തന്നെയാണ് രാഹുല്‍ ഗാന്ധി പ്രയാണം തുടരുന്നത്. ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജാഥയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, എംപിമാരായ കെ മുരളീധരന്‍, രാജ്മോഹൻ ഉണ്ണിത്താന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ടി സിദ്ദിഖ് എംഎല്‍എ, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരന്‍ തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയെ വിവിധ ഘട്ടങ്ങളില്‍ അനുഗമിച്ചു. ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് രാത്രി വിശ്രമം. നാളെ 6.30 ഓടെ ലാലാജി ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്ര കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ആലപ്പുഴയിലേക്ക് പ്രവേശിക്കും. രാത്രി 7 മണിയോടെ ചേപ്പാട് ആയിരിക്കും യാത്രയുടെ സമാപനം.

Comments (0)
Add Comment