ആവേശം വാനോളം… ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം തുടങ്ങി; രാഹുലിനൊപ്പം അണിചേർന്ന് ജനസഹസ്രങ്ങള്‍

Jaihind Webdesk
Sunday, September 11, 2022

പാറശാല: കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധനയങ്ങള്‍ക്കും ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തിനുമെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയ്ക്ക് കേരളത്തില്‍ ആവേശോജ്വല തുടക്കം. തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കി എത്തിയ യാത്രയ്ക്ക് വന്‍ വരവേല്‍പ്പാണ് പാറശാലയില്‍ കെപിസിസി നേതൃത്വം ഒരുക്കിയത്. താലപ്പൊലിയുടേയും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വന്‍ ജനാവലിയാണ് രാഹുല്‍ ഗാന്ധിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തത്. വന്‍ ജനാവലിയാണ് രാഹുല്‍ ഗാന്ധിയെ കാണാനും പദയാത്രയില്‍ പങ്കുചേരാനുമായി എത്തിച്ചേർന്നത്.

ഭാരത് ജോ‍ഡോ യാത്ര നയിച്ചെത്തിയ രാഹുൽ ​ഗാന്ധിക്ക് കേരള അതിർത്തിയിൽ രാജകീയ വരവേല്‍പ്പാണ് കെപിസിസി നേതൃത്വം ഒരുക്കിയത്. ചന്ദനം തൊട്ടും ഖദർ ഷാൾ അണിയിച്ചും നേതാക്കൾ അദ്ദേഹത്തെ വരവേറ്റു. രാഹുലിനെ അണിയിക്കാൻ പൊന്നാടയുമായാണ് പ്രവർത്തകരെത്തിയത്. താലപ്പൊലിയും ബാന്‍റ് മേളവും മറ്റ് കലാരൂപങ്ങളും സ്വീകരണത്തിന് മാറ്റുകൂട്ടി. യാത്രയെ ഏറ്റെടുത്തു എന്ന് തെളിയിക്കുന്നതായി പാറശാലയില്‍ തടിച്ചുകൂടിയ ജനസഞ്ചയം.

രാവിലെ ഏഴേകാലോടെയാണ് ഭാരത് ജോഡോ പദയാത്രയുടെ കേരളത്തിലെ പര്യടനത്തിന് പാറശാലയിൽ നിന്ന് തുടക്കമായത്. ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ പദയാത്രികർ എത്തിച്ചേർന്നതോടെ യാത്രയുടെ ഒന്നാം ഘട്ടത്തിന്  സമാപനമായി. ഉച്ചയ്ക്ക് 2 മണിക്ക് നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്തുതൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും. തു‌ടർന്ന് മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശിക്കും. മൂന്നുകല്ലിൻമൂട് നിന്നാണ് വൈകുന്നേരത്തെ പദയാത്ര തുടങ്ങുക. യാത്രാമധ്യേ നിംസ് ആശുപത്രിക്ക് സമീപം ഭാരത് ജോഡോ യാത്രയെ അടയാളപ്പെടുത്തുന്ന സ്തൂപം രാഹുല്‍ ഗാന്ധി അനാച്ഛാദനം ചെയ്യും.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കൺവീനർ എംഎം ഹസൻ, എംപിമാരായ ശശി തരൂർ, കെ മുരളീധരൻ, അടൂർ പ്രകാശ്, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, എം വിൻസന്‍റ് എംഎൽഎ, കെപിസിസി, ഡിസിസി ഭാരവാഹികൾ തുടങ്ങിയ നേതാക്കളുടെ നീണ്ട നിര ചേർന്നാണ് ജാഥയെ സ്വീകരിച്ചത്. 19 ദിവസം കേരളത്തില്‍ പര്യടനം തുടരുന്ന യാത്ര സെപ്റ്റംബര്‍ 29 ന് കർണ്ണാടകത്തിലേക്ക് പ്രവേശിക്കും. 150 ദിവസങ്ങള്‍ കൊണ്ട് 3571 കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഐക്യസന്ദേശം പ്രചരിപ്പിക്കുന്ന യാത്ര കശ്മീരില്‍ സമാപിക്കും.