അനന്തപുരിയുടെ സ്നേഹം ഏറ്റുവാങ്ങി രാഹുല്‍ ഗാന്ധി; യാത്ര പട്ടത്ത് എത്തിച്ചേർന്നു

Jaihind Webdesk
Monday, September 12, 2022

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം തുടരുന്നു. തിരുവനന്തപുരം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനത്തിന്‍റെ ആദ്യ ഘട്ടം പൂർത്തിയായി. രാവിലെ 7 മണിക്ക് നേമത്ത് നിന്ന് ആരംഭിച്ച പദയാത്രയിൽ ഇന്നും ആയിരങ്ങള്‍ രാഹുലിനൊപ്പം അണിചേർന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തും സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയും രാഹുല്‍ ഗാന്ധി പദയാത്ര നയിച്ചു.  പത്ത് മണിയോടെ പട്ടത്ത് യാത്രയുടെ ആദ്യ ഘട്ടത്തിന് സമാപനമായി.

ഇന്നത്തെ യാത്രയുടെ തുടർന്നുള്ള കാര്യപരിപാടികള്‍ ഇങ്ങനെയാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് സാമൂഹിക, സാംസ്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. തുടർന്ന് ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണം. കുട്ടികളുമായി അദ്ദേഹം ആശയവിനിമയം നടത്തും.

ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സന്ദർശിക്കും. വൈകിട്ട് നാലിന് പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് പുനരാരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും. രാത്രി 7 മണിയോടെ യാത്ര കഴക്കൂട്ടത്ത് സമാപിക്കും. ദേശീയ, സംസ്ഥാന നേതാക്കൾ കഴക്കൂട്ടത്തെ സമാപന പൊതുയോഗത്തിൽ പങ്കെടുക്കും.