രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരായ ചുവടുവെപ്പാണ് ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധി

 

തുംകൂർ/കർണാടക: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കർണാടകയില്‍ പ്രയാണം തുടരുന്നു. വന്‍ ജനപങ്കാളിത്തമാണ് യാത്രയ്ക്ക് ലഭിക്കുന്നത്. യാത്രയുടെ 33-ാം ദിവസമായ ഇന്ന് രാവിലെ 6.35 നാണ് പദയാത്ര ആരംഭിച്ചത്. പോച്ച്കട്ടെയില്‍ നിന്ന് പ്രയാണം തുടങ്ങിയ യാത്ര ബസവനഗുഡിയില്‍ ആദ്യ ഘട്ടം പൂർത്തിയാക്കി. ബസവനഗുഡിക്ക് അടുത്തുള്ള ഒരു മൈതാനത്തിലാണ് സ്ഥിരം പദയാത്രികരുടെ ഇന്നത്തെ ഉച്ചവിശ്രമം. ഉച്ചയ്ക്ക് ശേഷം പുനഃരാരംഭിക്കുന്ന പദയാത്ര ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിന് അടുത്തുള്ള ഹർത്തികോട്ട് ഗ്രാമത്തിലെത്തിച്ചേരും.

ചരിത്രപരമായ ദൗത്യമാണ് ജോഡോ യാത്രയ്ക്കുള്ളതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. വർത്തമാന കാലത്തും രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരെയാണ് കോൺ​ഗ്രസിന്‍റെ പോരാട്ടം. അതിനു വേണ്ടിയുള്ള ഉറച്ച ചുവടുകളാണ് ഭാരത് ജോഡോ യാത്രയിലൂടെ അണിചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്ര ഒരു മാസം പിന്നിട്ടതോടെ മിക്ക യാത്രികരുടെയും പാദങ്ങൾ വിണ്ടു കീറി. മുറിവേറ്റിട്ടും അവരെല്ലാം ആവേശത്തേരിലാണ്. ഓരോ ദിവസവും വൈകുന്നേരം അവരെ നേരിൽക്കണ്ട് രാഹുൽ ​ഗാന്ധി അഭിവാദ്യം നടത്തുന്നുണ്ട്. തുംകൂർ ജില്ലയിൽ നിന്നും ചിത്രദുർഗ ജില്ലയിലേക്ക് ഇന്ന് യാത്ര പ്രവേശിക്കും.

Comments (0)
Add Comment