“ഭാരത് ജോഡോ യാത്ര വലിയ അനുഭവം, ജനലക്ഷങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്”: രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, February 26, 2023

 

റായ്പുർ: ജനലക്ഷങ്ങൾ കോൺഗ്രസിനൊപ്പെമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ നിന്ന് ലഭിച്ച അനുഭവപാഠങ്ങൾ പങ്കു വെച്ചായിരുന്നു രാഹുൽ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തത്. വികാര നിർഭരമായ പ്രസംഗത്തിനാണ് റായ്പുർ സാക്ഷ്യം വഹിച്ചത്.

ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങൾ കോർത്തിണക്കിയ രാഹുൽ ഗാന്ധിയെ കുറിച്ചുള്ള ഹ്രസ്വ വീഡിയോ സമ്മേളന പ്രതിനിധികൾ ആവേശപൂർവമാണ് സ്വീകരിച്ചത്. തുടർന്ന് പ്രസംഗ വേദിയിലെത്തിയ രാഹുൽ ജോഡോ യാത്രയിലെ അനുഭവങ്ങൾ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. വികാരനിർഭരമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഭാരത് ജോഡോ യാത്രയിലൂടെ നിരവധി പാഠങ്ങൾ പഠിച്ചതായി അദ്ദേഹം പറഞ്ഞു. ഒപ്പം നടന്ന് ലക്ഷക്കണക്കിന് ആളുകൾ അവരുടെ സുഖ ദുഃഖങ്ങൾ പങ്കിട്ടെന്നും അയാണ് യാത്രയുടെ വിജയമെന്നും രാഹുൽ ഗാന്ധിപറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും ആളുകള്‍ യാത്രയില്‍ പങ്കുചേർന്നു. കർഷകർ അവരുടെ പ്രശ്‌നങ്ങൾ സംസാരിച്ചു. ചെറുപ്പക്കാരും കർഷകരും നിരാശരാണെന്ന് മനസിലായെന്നും രാഹുൽ പറഞ്ഞു.

കശ്മീരിലെ ലാൽ ചൗക്കിൽ ദേശീയ പതാക കോൺഗ്രസ് ഉയർത്തിയത് വഴി ത്രിവർണ പതാകയുടെ ആശയം യുവാക്കളിലേക്ക് എത്തിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അതേ സമയം ഈ ആശയം നരേന്ദ്ര മോദി കശ്മീരി യുവാക്കളുടെ മനസിൽ നിന്ന് ഇല്ലാതാക്കിയെന്നും ഇതിന്‍റെ വ്യത്യാസം മോദിക്ക് മനസിലാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ ശാരീരികമായും മാനസികമായുള്ള പീഡനങ്ങൾ വർധിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.