മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാര്‍ ഗാന്ധി രാഹുൽ ഗാന്ധിയ് ക്കൊപ്പം; ആവേശത്തില്‍ ആറാടി ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയില്‍

Jaihind Webdesk
Saturday, November 19, 2022

മഹാരാഷ്ട്ര: മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കുചേര്‍ന്നു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഷെഗാവില്‍ നടന്ന യാത്രയിലാണ് രാഹുല്‍ ഗാന്ധിക്കൊപ്പം അദ്ദേഹം അണിചേര്‍ന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മഹാത്മാഗാന്ധിയുടെയും കൊച്ചുമക്കളായ രാഹുല്‍ ഗാന്ധിയും തുഷാര്‍ ഗാന്ധിയും ഒന്നിച്ചതിനെ ചരിത്രപരമെന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്.

അതേസമയം സിനിമാ താരങ്ങളായ അകന്‍ഷാ പുരി, പൂജാ ഭട്ട്, റിയാ സെന്‍ തുടങ്ങിയവരും നേരത്തെ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുത്തിരുന്നു. മഹാരാഷ്ട്രയിലെ അകോല ജില്ലയിലാണ് റിയാ സെന്‍ പങ്കെടുത്തത്.
”ഒരു നടി എന്ന നിലയില്‍ മാത്രമല്ല, അഭിമാനമുള്ള ഒരു പൗര എന്ന നിലയിലും ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു”-എന്ന് റിയാ സെന്‍ ട്വീറ്റ് ചെയ്തിരുന്നു.

യാത്ര ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു അഭിനേതാവും നിര്‍മ്മാതാവുമായ പൂജാ ഭട്ട് യാത്രയില്‍ അണിചേര്‍ന്നത്. കഴിഞ്ഞ ദിവസം യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിച്ചപ്പോള്‍ സീരിയല്‍ ബിഗ്‌ബോസ് താരവുമായ രശ്മി ദേശായിയും രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. ‘മനോഹരമായ അനുഭവമെന്ന് ഇതിനു ശേഷം രശ്മി ട്വീറ്റ് ചെയ്തു.

ജനപങ്കാളിത്തത്താല്‍ ആവേശമായി മാറുന്ന ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരില്‍ തുടക്കം കുറിച്ച ഭാരത് ജോഡോ യാത്ര നവംബര്‍ ഏഴിനാണ് മഹാരാഷ്ട്രയില്‍ പ്രവേശിച്ചത്.