രാഹുലിനെ നെഞ്ചോട് ചേർത്ത് മലയാളക്കര: അനന്തപുരിയെ ആവേശക്കടലാക്കി ഭാരത് ജോഡോ യാത്ര; ഐക്യത്തിലേക്ക് ചുവടുവെച്ച് ആയിരങ്ങള്‍

Jaihind Webdesk
Sunday, September 11, 2022

 

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ നെഞ്ചോട് ചേർത്ത് കേരളക്കര. ഇന്ന് രാവിലെ ഏഴേകാലോടെ പാറശാലയില്‍ നിന്ന് തുടങ്ങിയ പദയാത്ര രാത്രി 7 മണിക്ക് നേമത്ത് കേരളത്തിലെ ആദ്യ ദിവസത്തെ പര്യടനം അവസാനിപ്പിച്ചു. കേരളം നൽകിയ ആവേശകരമായ വരവേൽപ്പിന് രാഹുൽ ഗാന്ധി സമാപന സമ്മേളനത്തിൽ നന്ദി പ്രകാശിപ്പിച്ചു.

രാവിലെ പാറശാല നിന്നും ആരംഭിച്ച യാത്രയ്ക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരൻ എംപി, യുഡിഎഫ് കൺവീനർ എം.എം ഹസൻ, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, ശശി തരൂർ എംപി, അടൂർ പ്രകാശ് എംപി, ജെബി മേത്തൽ എംപി, എം. വിൻസന്‍റ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, മറ്റ് എംപിമാർ, എംഎൽഎമാർ, കെപിസിസി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകി. ചന്ദനം തൊട്ടും ഖദർ ഷാൾ അണിയിച്ചും നേതാക്കളും പ്രവർത്തകരും ജനനായകനെ വരവേറ്റു. രാഹുലിനെ അണിയിക്കാൻ പൊന്നാടയുമായാണ് ചില പ്രവർത്തകരെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പദയാത്രയ്ക്കൊപ്പമുണ്ട്.

 

 

പാറശാല ജംഗ്ഷനിലുള്ള കാമരാജ് പ്രതിമയിലും ഗാന്ധി പ്രതിമയിലും പുഷ്പാർച്ചന നടത്തിയാണ് കേരളത്തിലെ യാത്രയ്ക്ക് തുടക്കം കുറിച്ചത്. ആയിരക്കണക്കിനുപേരാണ് രാഹുൽ ഗാന്ധിയെ കാണാനും അഭിവാദ്യമർപ്പിക്കാനുമായി റോഡിനിരുവശവും തടിച്ചുകൂടിയത്. വന്‍ ജനാവലിയാണ് പദയാത്രയെ അനുഗമിച്ചത് യാത്രയുടെ സ്വീകാര്യതയുടെ നേർക്കാഴ്ചയായി. യാത്രയ്ക്കിടെ ആനക്കുന്ന് ജംഗ്ഷനിലെ സ്റ്റാൻലിയുടെ ചായക്കടയിൽനിന്നും ഒരു ചായകുടി. അല്‍പ്പനേരം സൌഹൃദ സംഭാഷണം. ഫോട്ടോ എടുക്കാനെത്തിയവരെയും രാഹുല്‍ ഗാന്ധി നിരാശനാക്കിയില്ല.

 

 

രാവിലെ പതിനൊന്നോടെ നെയ്യാറ്റിൻകരയിൽ എത്തിച്ചേർന്നു. മഹാത്മാ ഗാന്ധിയുടെ സുഹൃത്തായിരുന്ന ഡോ. ജി. രാമചന്ദ്രന്‍റെ വീടായ മാധവി മന്ദിരത്തില്‍ വിശ്രമം. കന്യാകുമാരി യാത്രയ്ക്കിടെ 1932ൽ ഗാന്ധിജി ഈ വീട്ടിലെത്തിയിരുന്നു. ഇവിടെ വെച്ച് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തി. ഭാരത് ജോഡോ യാത്ര വൻവിജയമെന്ന് കെസി വേണുഗോപാൽ എംപി പറഞ്ഞു. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്ര മൻകി ബാത്തിനുള്ള യാത്ര അല്ലെന്നും ജനങ്ങളെ കേൾക്കാനുള്ള യാത്രയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നിയമം കൊണ്ടു പോലും ജനങ്ങളെ വിഭജിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു. അർഹതപ്പെട്ടവരുടെ അവകാശം ചവിട്ടിമെതിക്കുന്ന സർക്കാരുകൾക്കെതിരെയാണ് യാത്രയെന്നും ഇത് ജനമനസുകളിൽ ചലനമുണ്ടാക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ഭാരത് ജോഡോ യാത്ര കേരളത്തിൽ കോൺഗ്രസിന് അതിജീവനമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി.

 

 

നെയ്യാറ്റിന്‍കരയിലെ ഡോ. ജി.ആർ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിച്ചു. തൊഴിലാളികൾ അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും രാഹുൽ ഗാന്ധിക്കുമുന്നിൽ നിരത്തി. ചോദ്യങ്ങൾക്കും ആശങ്കകള്‍ക്കും രാഹുൽ ഗാന്ധി വ്യക്തമായ മറുപടി നൽകി. അതിനു ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം രാഹുൽ ഗാന്ധി സന്ദർശിച്ചു. തുടർന്ന് നാല് മണിയോടെ മൂന്നുകല്ലിൻമൂട് നിന്ന് പദയാത്രയുടെ രണ്ടാ ഘട്ടത്തിന് തുടക്കമായി. വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. രാത്രി 7 മണിയോടെ യാത്ര നേമത്ത് എത്തിച്ചേർന്നു. ആയിരക്കണക്കിന് പ്രവർത്തകരാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ അണിനിരന്നത്.

 

 

നാളെ രാവിലെ 7 മണിക്ക് വെള്ളായണി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് 11 മണിയോടെ പട്ടം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ യാത്ര എത്തിച്ചേരും. ഇവിടെ പ്രഭാത ഭക്ഷണം, വിശ്രമം. തുടർന്ന് വൈകുന്നേ നാലിന് പട്ടത്ത് നിന്നും പുനരാരംഭിക്കുന്ന യാത്ര രാത്രി ഏഴിന് കഴക്കൂട്ടത്ത് സമാപിക്കും. തുടർന്ന് അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ രാത്രി വിശ്രമം.