കോരിച്ചൊരിയുന്ന മഴ, പ്രസംഗം നിർത്താതെ രാഹുല്‍; ഭാരത് ജോഡോ യാത്രയിലെ ആവേശക്കാഴ്ച | VIDEO

Jaihind Webdesk
Monday, October 3, 2022

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര കർണാടകയിൽ പര്യടനം തുടരുന്നു. കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി മൈസുരുവിൽ നടത്തിയ പ്രസംഗം ഏവരെയും ആവേശം കൊള്ളിച്ചു. അഴിമതിയുടെ കാര്യത്തിൽ ബിജെപി സർക്കാർ സകല റെക്കോർഡുകളും ഭേദിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ചരിത്ര പ്രസിദ്ധമായ കാളി ഭീരമ്മ ക്ഷേത്ര പരിസരത്തുനിന്നാണ് ഭാരത് ജോഡോ യാത്രയുടെ കർണാടകയിലെ മൂന്നാം ദിനത്തിലെ പര്യടനം ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക പിസിസി പ്രസിഡന്‍റ് ഡി.കെ ശിവകുമാർ ഉൾപ്പടെയുള്ള നേതാക്കൾ പദയാത്രയിൽ അണിനിരന്നു. പതിനായിരക്കണക്കിന് ആളുകളാണ് പദയാത്രയുടെ ഭാഗമായത്.

ബന്ദിപാളയത്തിലെ പൊതുയോഗത്തോടെയാണ് മൂന്നാം ദിനത്തിലെ പര്യടനം സമാപിച്ചത്. ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കനത്ത മഴയെയും അവഗണിച്ച് നടന്ന പൊതുയോഗത്തിൽ രാഹുൽ നടത്തിയത്. അഴിമതിയുടെ കാര്യത്തിൽ എല്ലാ റെക്കോർഡും ബിജെപി സർക്കാർ സ്വന്തമാക്കിയതായി രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്നും അത് ഭാരത് ജോഡോ യാത്രയുടെ സ്വീകരണത്തെ പോലും ബാധിക്കുമെന്നും പ്രചാരണം നടത്തിയ ബിജെപി അനുകൂല മാധ്യമങ്ങൾക്കുള്ള മറുപടിയായിരുന്നു മൈസുരുവില്‍ അലയടിച്ച ജനസമുദ്രം.