രാഹുലിനോട് നൊമ്പരം പറഞ്ഞ് കുരുന്ന്, പരിഭാഷപ്പെടുത്തുന്നതിനിടെ വിങ്ങിപ്പൊട്ടി ഡി.കെ; കരച്ചിലടക്കാനാകാതെ സദസ്

Saturday, October 1, 2022

 

ചാമരാജ് നഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം തുടരുന്നു. ഭാരത് ജോഡോ യാത്രക്കിടെ വിവിധ ജന വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയും രാഹുൽ ഗാന്ധി തുടരുകയാണ്. ചാമരാജ് നഗറിൽ കൊവിഡ് കാലത്ത് സർക്കാരിന്‍റെ അനാസ്ഥ മൂലം ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. വൈകാരിക രംഗങ്ങൾക്കാണ് കൂടിക്കാഴ്ച സാക്ഷ്യം വഹിച്ചത്.

ചാമരാജ് നഗറിൽ കൊവിഡ് കാലത്ത് സർക്കാരിന്‍റെ അനാസ്ഥ കാരണം ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 36 പേർക്ക് ജീവൻ നഷ്ടമായത് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. കർണാടകയിലെ ആദ്യ ദിനത്തിലെ യാത്രക്കിടെ രാഹുൽ ഗാന്ധി ഗുണ്ടൽപേട്ടിൽ വെച്ച് മരിച്ചവരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. അച്ഛൻ നഷ്ടപ്പെട്ട കുട്ടിയുടെ വാക്കുകൾ ഏവരെയും കണ്ണീരിലാഴ്ത്തി.

“എന്‍റെ അച്ഛൻ ഞാൻ ചോദിക്കുന്നതെല്ലാം എനിക്ക് വാങ്ങി തരുമായിരുന്നു. കളർ പെൻസിലും കളിപ്പാട്ടങ്ങളുമെല്ലാം വാങ്ങി തരുമായിരുന്നു. എന്നാൽ എന്‍റെ അമ്മയ്ക്ക് ഇന്ന് എനിക്കൊരു പെൻസിൽ പോലും വാങ്ങി തരാൻ കഴിയുന്നില്ല. എനിക്ക് പഠിച്ച് വലുതായി ഒരു ഡോക്ടറാവണം എന്നുണ്ട്” – കുഞ്ഞ് ഇത് പറയുമ്പോൾ ഹാളിൽ കേട്ടിരുന്ന എല്ലാവരുടെയും കണ്ണ് നനഞ്ഞിരുന്നു. പെൺകുട്ടി പറയുന്നത് രാഹുൽ ഗാന്ധിക്ക് പരിഭാഷപ്പെടുത്തി കൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഡി.കെ ശിവകുമാറിനും വിതുമ്പലടക്കാനായില്ല. അദ്ദേഹം അത് എങ്ങനെയോക്കെയോ പറഞ്ഞു പൂർത്തിയാക്കുകയായിരുന്നു.

ഈ കുടുംബങ്ങൾക്ക് കോൺഗ്രസ് പാർട്ടിയുടെ സഹായം നൽകിയിരുന്നു. പക്ഷേ പല കുടുംബങ്ങൾക്കും അവരുടെ അത്താണിയാണ് നഷ്ടപ്പെട്ടത്. കുട്ടികൾക്ക് എല്ലാ പിന്തുണയും ഉറപ്പു നൽകി, ധൈര്യത്തോടുകൂടി ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന് ആത്മവിശ്വാസം പകർന്നാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.