ആലപ്പുഴയില്‍ ആവേശക്കൊടുങ്കാറ്റായി ഭാരത് ജോഡോ; മൂന്നാം ദിനം യാത്ര പ്രയാണം തുടരുന്നു

Jaihind Webdesk
Monday, September 19, 2022

ആലപ്പുഴ/പതിരപ്പളളി: ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ മൂന്നാം ദിവസത്തെ പര്യടനം തുടരുന്നു. യാത്രയുടെ ആദ്യ പാദം രാവിലെ പുന്നപ്രയിൽ നിന്നും ആരംഭിച്ച് പതിരപ്പളളിയിൽ സമാപിച്ചു.

കായലിന്‍റെയും കരിമീനിന്‍റെയും, കരിമണലിന്‍റെയും നാടിനെ ത്രിവർണ സാഗരത്തിൽ ആറാടിച്ചാണ് പന്ത്രണ്ടാം ദിനത്തിലെ ഭാരത് ജോഡോ യാത്രയുടെ രാവിലെത്തെ പര്യടനത്തിന് സമാപനം കുറിച്ചത്. ഉദയ സൂര്യന്‍റെ പൊൻകിരണങ്ങളെ സാക്ഷിനിർത്തി രാവിലെ വാടക്കൽ കടപ്പുറത്ത് രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികളുമായി സംവദിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രിയ നേതാവിനെ കാണാനും കേൾക്കാനും പുലർച്ചെ തന്നെ എത്തിയിരുന്നു. മത്സ്യ തൊഴിലാളികൾക്ക് ലഭിക്കേണ്ട സബ്സിഡി പോലും ഇപ്പോൾ കേന്ദ്ര സർക്കാർ നൽകുന്നില്ലെന്നും ഭരണകൂടത്തിന് വേണ്ടപ്പെട്ടവർക്ക് എല്ലാം ഒരുക്കി നൽകുന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തീര മേഖലയിലെ പ്രശ്നങ്ങൾ കേട്ട ശേഷം അവക്ക് പരിഹാരം കാണാൻ ഇടപെടൽ നടത്തുമെന്ന ഉറപ്പ് നൽകിയാണ് അദ്ദേഹം വാടക്കൽ കടപ്പുറത്ത് നിന്നും മടങ്ങിയത്.

തുടർന്ന് പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് സമീപത്ത് നിന്നും പദയാത്ര ആരംഭിച്ചു. ആയിരങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം അണിനിരന്നത്. പത്ത് മണിയോടെ പതിരപ്പള്ളിയിൽ യാത്ര സമാപിച്ചു. വഴിയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് യാത്രാ നായകൻ രാഹുൽ ഗാന്ധിയെ കാണാനും അഭിവാദ്യങ്ങൾ അർപ്പിക്കാനുമായി കാത്തുനിന്നത്. എല്ലാവർക്കും പ്രത്യഭിവാദ്യം നേർന്നും പൂച്ചെണ്ടുകൾ സ്വീകരിച്ചുമാണ് അദ്ദേഹം മുന്നേറിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരൻ എംപി, കെപിസിസി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂർ, ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദ്, എംഎൽഎമാരായ പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കാളികളായി.