ആവേശക്കടലായി പാറശാല: ജനനായകന് കേരളത്തിലേക്ക് വന്‍ വരവേല്‍പ്പ്; ഭാരത് ജോഡോ യാത്ര കേരളത്തില്‍

Jaihind Webdesk
Sunday, September 11, 2022

പാറശാല: രാഹുൽ ​ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര കേരളത്തിന്‍റെ മണ്ണില്‍ യാത്ര തുടങ്ങി. ഇന്നു മുതൽ 19 ദിവസം സംസ്ഥാനത്തിലുടനീളം യാത്ര പര്യടനം നടത്തും. പാറശാലയില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് കെപിസിസിയുടെ നേതൃത്വത്തില്‍ ഒരുക്കിയത്. ബാന്‍റ് വാദ്യത്തിന്‍റെ അകമ്പടിയോടെയാണ് രാഹുല്‍ ഗാന്ധിയെ എതിരേറ്റത്. പാറശാലയെ അക്ഷരാര്‍ത്ഥത്തില്‍ മൂവർണ്ണക്കടലാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര പുരോഗമിക്കുന്നത്.

രാവിലെ 5 മണി മുതൽ തന്നെ കേരള അതിർത്തിയായ പാറശാലയിലേക്കു നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കായിരുന്നു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി വേണു​ഗോപാൽ, ഉമ്മൻ ചാണ്ടി, താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരൻ എംപി, എം.എം ഹസൻ, ജാഥാ കോർഡിനേറ്ററർ കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയ നേതാക്കളുടെ സംഘം പുലർച്ചെ തന്നെ പാറശാലയിലെത്തി.

ഇന്നത്തെ യാത്രയുടെ വിശദാംശങ്ങള്‍:

രാവിലെ 7 മണി: പാറശാലയിൽ നിന്ന് ഭാരത് ജോഡോ പദയാത്രയ്ക്ക് തുടക്കമാകും. കെപിസിസി, ഡിസിസി നേതാക്കളും ജനപ്രതിനിധികളും ചേർന്ന് രാഹുൽ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും.

രാവിലെ 7.15: മഹാത്മാ ഗാന്ധിയുടേയും കെ കാമരാജിന്‍റെയും പ്രതിമകൾക്ക് മുമ്പിൽ രാഹുൽ ഗാന്ധി ആദരവ് അർപ്പിക്കും.

രാവിലെ 10 മണി: ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ പദയാത്രികർ എത്തിച്ചേരുന്നു.

രാവിലെ 11 മണി: വിശ്രമം, ഭക്ഷണം. ജയ്റാം രമേശിന്‍റെ വാർത്താസമ്മേളനം മാധവി മന്ദിരത്തില്‍.

ഉച്ചയ്ക്ക് 2 മണി: നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും.

ഉച്ചയ്ക്ക് 3 മണി: മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശിക്കും.

വൈകിട്ട് 4 മണി:  യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. മൂന്നുകല്ലിൻമൂട് നിന്നും പദയാത്ര പുനരാരംഭിക്കും. നിംസ് ആശുപത്രിക്ക് സമീപം ഭാരത് ജോഡോ യാത്രയെ അടയാളപ്പെടുത്തുന്ന സ്തൂപം രാഹുല്‍ ഗാന്ധി അനാച്ഛാദനം ചെയ്യും.

രാത്രി 7 മണി: യാത്ര നേമത്ത് എത്തിച്ചേരും. തുടർന്ന് വെള്ളായണി കാർഷിക കോളേജ് ഗ്രൌണ്ടില്‍ രാത്രി വിശ്രമം.