ആലപ്പുഴ/കായംകുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആലപ്പുഴയിൽ ആവേശോജ്വല വരവേൽപ്പ്. കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി യാത്ര 8.30 തോടെ ആലപ്പുഴയിൽ പ്രവേശിച്ചു. രാവിലെ കരുനാഗപ്പള്ളി പുതിയകാവിൽ നിന്നും ആരംഭിച്ച യാത്രയുടെ ആദ്യ ഘട്ടം കായംകുളം ജിഡിഎം ഗ്രൗണ്ടിൽ സമാപിച്ചു.
രണ്ടര ദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ ആവേശകരമായ പ്രയാണത്തിനൊടുവിലാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴയിലേക്ക് പ്രവേശിച്ചത്. കരുനാഗപ്പള്ളി പുതിയ കാവിൽ നിന്നും കൊല്ലം ജില്ലയിലെ പര്യടനത്തിന്
സമാപനം കുറിച്ച് കൊണ്ട് രാവിലെ ആരംഭിച്ച യാത്രയിൽ ആയിരങ്ങൾ അണിനിരന്നു. വലിയ ജനപങ്കാളിത്തവും ആവേശവും അലതല്ലിയ സ്വീകരണ പരിപാടികളാണ് യാത്രയിൽ ഉടനീളം രാഹുൽ ഗാന്ധിക്ക് കൊല്ലം ജില്ലയിൽ ലഭിച്ചത്.
ജില്ലാ അതിർത്തിയായ ഓച്ചിറയിൽ എത്തിയ യാത്രയെ ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിന്‍റെ നേതൃത്വത്തിൽ കൃഷ്ണപുരത്ത് വെച്ച് വരവേറ്റു. കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളുമായിട്ടാണ് ആലപ്പുഴയിൽ യാത്രയയ്ക്ക് വരവേൽപ്പ് ഒരുക്കിയത്. 9.30 തോടെ യാത്രയുടെ ഒന്നാം ഘട്ടം കായംകുളത്തെ ജിഡിഎം ഗ്രൗണ്ടിൽ സമാപിച്ചു.
വഴിയോരങ്ങളിലെല്ലാം രാഹുല്‍ ഗാന്ധിയെ കാണാനും അഭിവാദ്യം അർപ്പിക്കാനുമായി ആയിരങ്ങളാണ് തിങ്ങിക്കൂടിയത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വീഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജാഥയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നില്‍ സുരേഷ് എംപി, കെ മുരളീധരൻ എംപി, എംഎൽഎമാരായ പി.സി വിഷ്ണുനാഥ്, സി.ആർ മഹേഷ്എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയെ അനുഗമിച്ചു.