ജയ്പുർ/രാജസ്ഥാന്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിനത്തിൽ രാജസ്ഥാനിൽ പര്യടനം തുടരുന്നു. മീന ഹൈക്കോടതി പരിസരത്തുനിന്നാണ് യാത്ര ഇന്നത്തെ പര്യടനം ആരംഭിച്ചത്. വൈകിട്ട് നാല് മണിക്ക് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും.
ജയ്പൂരിലെ കോൺഗ്രസ് ഓഫീസിൽ വൈകിട്ട് നാലിന് നടക്കുന്ന വാർത്താ സമ്മേളനത്തിന് ശേഷം രാഹുൽ ഗാന്ധി തത്സമയ സംഗീത പരിപാടിയിൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയുടെ 100 ദിനങ്ങൾ ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ജയ്പൂരിൽ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആൽബർട്ട് ഹാളിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. രാജസ്ഥാനിൽ 12-ാം ദിവസമാണ് യാത്ര പിന്നിടുന്നത്.
ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുല്‍ ഗാന്ധി നയിക്കുന്ന മഹായാത്രയെ ജനം ഹൃദയത്തിലേറ്റി എന്നതിന്‍റെ തെളിവാണ് ഓരോ ദിവസവും യാത്രയില്‍ കാണുന്ന ജനപങ്കാളിത്തം. കഴിഞ്ഞ സെപ്റ്റംബർ 7ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഇതിനോടകം എട്ട് സംസ്ഥാനങ്ങളും 42 ജില്ലകളും പിന്നിട്ട യാത്ര ഏകദേശം 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടി കശ്മീരില്‍ സമാപിക്കും.