തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ജില്ലാതല സ്വാഗത സംഘം രൂപീകരിക്കുന്നതിനായുള്ള കണ്‍വെന്‍ഷനുകള്‍ക്ക് നാളെ (ആഗസ്റ്റ് 17) തുടക്കമാകുമെന്ന് യാത്രയുടെ സംസ്ഥാന കോഡിനേറ്ററും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
വിവിധ ജില്ലകളിലായി നടക്കുന്ന കണ്‍വന്‍ഷനുകളില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി പ്രചരണ വിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും.
ആഗസ്റ്റ് 17ന് എറണാകുളം, തൃശൂര്‍, 18ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 19ന് മലപ്പുറം, പാലക്കാട്, കോഴിക്കോട്, 20ന് ഇടുക്കി, കോട്ടയം, വയനാട്, 21ന് കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലെ കണ്‍വെന്‍ഷനുകള്‍ നടക്കും. ജില്ലാ സ്വാഗതസംഘം രൂപീകരണ യോഗം പൂര്‍ത്തിയാകുന്ന ജില്ലകളില്‍ രണ്ടു ദിവസം കഴിഞ്ഞ് നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.