ഐക്യത്തിനായി ഭാരത് ജോഡോ യാത്ര: തമിഴ്നാട്ടില്‍ മൂന്നാം ദിന പര്യടനം തുടരുന്നു; 1 മണിക്ക് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും

Jaihind Webdesk
Friday, September 9, 2022

 

നാഗർകോവില്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തമിഴ്നാട്ടിലെ മൂന്നാം ദിന പര്യടനം തുടരുന്നു. രാവിലെ 7 മണിയോടെ നാഗർകോവിലെ സ്കോട്ട് ക്രിസ്റ്റ്യന്‍ കോളേജിൽ നിന്ന് ആരംഭിച്ച പദയാത്ര 10 മണിയോടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ പുളിയൂർക്കുറിച്ചിയിൽ എത്തിച്ചേരും. ഉച്ചയ്ക്ക് 1 മണിക്ക് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും. തുടർന്ന് നാലുമണിക്ക് പുനരാരംഭിക്കുന്ന പദയാത്ര ഏഴു മണിയോടെ അഴകിയമണ്ഡപം ജംഗ്ഷനില്‍ സമാപിക്കും. യാത്രയുടെ വിശ്രമവേളകളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായും, സമൂഹത്തിന്‍റെ നാനാ തുറകളിലുള്ളവരുമായും രാഹുൽ ഗാന്ധി സംവദിക്കും.

ഭാരത് ജോഡോ യാത്രയുടെ തമിഴ്നാട്ടിലെ രണ്ടാം ദിവസത്തെ പര്യടനം അഗസ്തീശ്വരത്തുനിന്ന് ആരംഭിച്ച് നാഗര്‍കോവിലിലാണ് സമാപിച്ചത്. യാത്രയിൽ രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗങ്ങൾക്കുമൊപ്പം ആയിരങ്ങളാണ് അണിനിരന്നത്. തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ തോറ്റതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത അനിതയുടെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചു. സമൂഹത്തിന്‍റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിച്ചു.

ജവഹർ ബൽ മഞ്ചിലെ കുട്ടികളെ കണ്ട രാഹുല്‍ ഗാന്ധി ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിർവഹിച്ചു. തുടർന്ന് വനിതാ പ്രവർത്തകരെയും ദളിത് ഗ്രൂപ്പുകളെയും പരിസ്ഥിതി പ്രവർത്തകരെയും കണ്ട് ആശയവിനിമയം നടത്തി. 2017 ല്‍ നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ കുടുംബത്തെ യാത്രക്കിടെ രാഹുൽ ഗാന്ധി കണ്ടിരുന്നു. തമിഴ്‌നാട്ടിലെ അരിയല്ലൂർ സ്വദേശിയായ അനിതയുടെ പിതാവിനെയും സഹോദരനെയും നേരിട്ട് കണ്ട് രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചു. തുടർന്ന് വൈകിട്ട് 4 മണിക്ക് പുനരാരംഭിച്ച യാത്ര  7 മണിക്ക് നാഗർകോവിലില്‍ സമാപിച്ചു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, മറ്റ് ജനറല്‍ സെക്രട്ടറിമാര്‍, മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. 118 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ ഉള്ളത്. സെപ്റ്റംബർ 11ന് യാത്ര കേരളത്തിൽ പ്രവേശിക്കും. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. 150 ദിവസങ്ങള്‍ കൊണ്ട് 3570 കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന യാത്ര കശ്മീരിലെത്തിച്ചേരും. കശ്മീരിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം.