ധരംപുർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നു. മെഹബൂബ്‌നഗർ ജില്ലയിലെ ധരംപൂരിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. യേനുഗൊണ്ടയിലെ ഗോപാൽ റെഡ്ഡി ഗാർഡൻ വഴി കടന്നു പോകുന്ന പദയാത്രയുടെ ഇന്നത്തെ പര്യടനം വൈകുന്നേരം ജഡ്ചേർല ജംഗ്ഷനിൽ സമാപിക്കും.
50 ദിവസങ്ങള്‍ പിന്നിട്ട യാത്രയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. പിന്നിട്ട നാല് സംസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. തമിഴ്നാട്ടില്‍ നിന്ന് ആരംഭിച്ച യാത്ര, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് തെലങ്കാനയില്‍ എത്തിച്ചേർന്നത്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനും പദയാത്രയില്‍ അണിചേരാനുമായി ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സമൂഹത്തിലെ നാനാതുറകളിലുള്ളവരുമായി സംവദിച്ചാണ് യാത്ര കടന്നുപോകുന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കി അവയ്ക്ക് പരിഹാരം കാണാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടിയും ഭിന്നിപ്പിക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളില്‍ അവബോധമുണ്ടാക്കി ഐക്യത്തോടെ എല്ലാവരെയും ചേർത്തുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ചരിത്രപരമായ യാത്ര. സെപ്റ്റംബർ 07 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 3,500 ലധികം കിലോമീറ്ററുകള്‍ താണ്ടി കശ്മീരില്‍ സമാപിക്കും.