കൊടുംമഞ്ഞിലും വീറോടെ നയിച്ച് രാഹുല്‍; ഭാരത് ജോഡോ യാത്ര കശ്മീരില്‍ പര്യടനം തുടരുന്നു

Jaihind Webdesk
Sunday, January 22, 2023

 

ശ്രീനഗർ: കനത്ത മഞ്ഞിനെയും അവഗണിച്ച് ജമ്മു-കശ്മീരില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പര്യടനം തുടരുന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം യാത്ര ഇന്ന് പുനഃരാരംഭിച്ചു. കത്വ ജില്ലയിലെ ഹിരാനഗറിൽ നിന്ന് രാവിലെ 7 നാണ് ഇന്ന് യാത്ര തുടങ്ങിയത്. ഇരട്ട സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കർശന സുരക്ഷയിലാണ് യാത്ര പുരോഗമിക്കുന്നത്.

25 കിലോമീറ്റർ യാത്രയ്ക്ക് ശേഷം രാത്രിയിൽ ചക് നാനാക്കിൽ പദയാത്രികര്‍ വിശ്രമിക്കും. തുടർന്ന് തിങ്കളാഴ്ച സാംബയിലെ വിജയ്പൂരിൽ നിന്ന് ജമ്മുവിലേക്ക് യാത്ര ആരംഭിക്കും. ജമ്മു-കശ്മീർ കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂല്‍ വാനി ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പദയാത്രയെ അനുധാവനം ചെയ്യുന്നുണ്ട്.

 

 

അതേസമയം ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കർശന സുരക്ഷയാണ് ജമ്മുവില്‍ ഒരുക്കിയിരിക്കുന്നത്. ജമ്മുവിൽ ശനിയാഴ്ച ഉണ്ടായ ഇരട്ടസ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു.  ജോഡോ യാത്രയും റിപ്പബ്ലിക് ദിന പരിപാടികളും അലങ്കോലമാക്കാൻ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സ്ഫോടനമെന്നാണ് വിലയിരുത്തല്‍. സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജനുവരി 30നാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്.