വേർതിരിവില്ലാതെ ഒന്നുചേർന്നൊഴുകുന്ന മഹാപ്രവാഹമായി ഭാരത് ജോഡോ യാത്ര; തൃശൂരിലെ പ്രയാണം പൂർത്തിയാക്കി, നാളെ പാലക്കാട് ജില്ലയിലേക്ക്

Jaihind Webdesk
Sunday, September 25, 2022

തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തൃശൂർ ജില്ലയിലെ പര്യടനം സമാപിച്ചു. യാത്ര നാളെ പാലക്കാട് ജില്ലയിൽ പ്രവേശിക്കും. ആര്യാടൻ മുഹമ്മദിന്‍റെ വിയോഗം സൃഷ്ടിച്ച വേദനയിലാണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ പര്യടനം പൂർത്തിയായത്. ചെറുതുരുത്തിക്ക് അടുത്ത് വെട്ടികാട്ടിരി സെന്‍ററിലായിരുന്നു തൃശൂർ ജില്ലയിലെ സമാപനം.

രാജ്യത്തെ വിഭജിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. എല്ലാവരെയും അംഗീകരിക്കുന്നതും പരസ്പരം സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതുമാണ് ഇന്ത്യയുടെ സംസ്കാരമെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറ്റവും രൂക്ഷമാക്കി. പ്രധാനമന്ത്രി ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ഒരിക്കലും തയാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 3500 കിലോമീറ്റര്‍ വെറുതെ നടക്കാന്‍ വേണ്ടിയല്ല ഈ യാത്ര. ഈ യാത്രയിലുടനീളം തങ്ങള്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കുകയാണ് ചെയ്യുന്നത്. ജാതി മത ഭേദമില്ലാതെ ഏവരും ഒന്നുചേരുന്ന ഒരു നദീപ്രവാഹമാണ് ഭാരത് ജോഡോ യാത്രയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാവിലെ തിരൂരിൽ നിന്നും തുടങ്ങിയ പദയാത്രയുടെ ആദ്യ ഘട്ടം വടക്കാഞ്ചേരിയിലാണ് സമാപിച്ചത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്‍റെ വിയോഗ വാർത്ത അറിഞ്ഞയുടൻ രാഹുൽ ഗാന്ധി നിലമ്പൂരിലേക്ക് തിരിച്ചു. അവിടെയെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം ഹെലികോപ്റ്റർ മാർഗം തിരിച്ചു തൃശൂരിൽ എത്തിയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ അണിചേർന്നത്. വൈകുന്നേരം അഞ്ച് മണിയോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പദയാത്രയിൽ ആയിര കണക്കിനാളുകൾ അണിചേർന്നു. തൃശൂർ ജില്ലയിലെ മൂന്ന് ദിന പര്യടനം പൂർത്തിയാക്കിയ പദയാത്ര നാളെ പാലക്കാട് ജില്ലയിൽ പ്രവേശിക്കും.