വേർതിരിവുകളുടെ വേലിക്കെട്ടുകള്‍ തകർത്തൊഴുകുന്ന ഐക്യത്തിന്‍റെ മഹാപ്രവാഹം: രാഹുല്‍ ഗാന്ധിയെ ഹൃദയത്തോട് ചേർത്ത് കേരളം; ഭാരത് ജോഡോ യാത്ര ഇനി കർണാടകത്തിലേക്ക്

Thursday, September 29, 2022

മലപ്പുറം/വഴിക്കടവ്: കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ പദയാത്ര കേരളം പിന്നിടുമ്പോൾ ജനഹൃദയങ്ങൾ കീഴടക്കിയാണ് കർണാടകയിലേക്ക് കടക്കുന്നത്. 19 ദിവസം നീണ്ട, കേരളത്തിലെ 7 ജില്ലകളിലൂടെയുള്ള യാത്രയിൽ
അലകടലായി ഒഴുകിയെത്തിയ ജനങ്ങൾ യാത്രയെ സ്വീകരിച്ചു. കേരള ജനത ഹൃദയത്തോട് ചേർത്തുപിടിച്ച ഭാരത് ജോഡോ യാത്ര കോൺഗ്രസിന് നവയൗവ്വനം നൽകിയാണ് യാത്ര തുടരുന്നത്.

‘ഭാരത് ജോഡോ യാത്ര ജനം എറ്റെടുത്തു. എവിടെയും ജോഡോ യാത്രയെ കുറിച്ചാണ് സംസാരം’എന്ന് ദേശീയ സംസ്ഥാന
നേതാക്കൾ ഒരേ സ്വരത്തിൽ പറയുമ്പോൾ അത് അക്ഷരാത്ഥത്തിൽ ശരിവെക്കുന്ന കാഴ്ചയാണ് പിന്നിട്ട 24 ദിവസം യാത്രയിൽ കാണാനായത്. പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്നും തുടങ്ങി കേരളം പിന്നിടുമ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ യാത്രയ്ക്ക് സാധിച്ചിട്ടുണ്ട്. യാത്രയിലെ വൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചുവരവായി നേതൃത്വം വിശദീകരിക്കുന്നു.

കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്‍റെ അലയൊലി ഉയർത്താനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. മൂന്നൂറ് സ്ഥിരാംഗങ്ങൾ 150 ദിവസങ്ങളായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3571 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേർന്ന് മുന്നേറുകയാണ്.

സെപ്റ്റംബർ ഏഴിന് വലിയ പ്രതീക്ഷകളോടെ തുടക്കം കുറിച്ച ഭാരത് ജോഡോ യാത്ര പതിനൊന്നിന് കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായി. കേരളത്തിൽ എത്തിയപ്പോൾ മുതൽ സിപിഎം പരിഹാസവും – വിമര്‍ശനവും ഉയർത്തിയെങ്കിലും മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ മുന്നോട്ട് പോയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ 490 കിലോമീറ്റര്‍ പിന്നിട്ട യാത്ര സഹായിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാനപാത വഴിയുമായിരുന്നു പദയാത്ര.

ഭാരത് ജോഡോ യാത്ര 19 ദിവസത്തിനുള്ളിൽ കേരളത്തിൽ 360 കിലോമീറ്റർ സഞ്ചരിച്ചു. തിരു., കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 7 ജില്ലകളിലൂടെ യാത്ര കടന്നു പോയി. ഇതര ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടായി. ദിവസവും ശരാശരി 22 കിലോമീറ്റര്‍ ദൂരം ജോഡോ യാത്ര സഞ്ചരിക്കുന്നുണ്ട്. കന്യാകുമാരി മുതൽ നിലമ്പൂർ വഴിക്കടവ് വരെയുള്ള 490 കിലോമീറ്റർ ദൂരം, കേരളത്തിൽ മാത്രം 360 കിലോമീറ്റര്‍ പിന്നിട്ടാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണാടകയിലേക്ക് കടക്കുന്നത്. ആബാലവൃദ്ധം ജനങ്ങളും ഐക്യാദാർഢ്യം പ്രഖ്യാപിച്ച ഭാരത് ജോഡോ യാത്ര കോൺഗ്രസ് പ്രവർത്തകർക്കും നേതൃത്വത്തിനും ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.