‘ജനങ്ങള്‍ നല്‍കിയ സ്നേഹം ഊർജമായി’ കനത്ത മഞ്ഞുവീഴ്ചയിലും കരുത്തായി രാഹുല്‍; ഐക്യസന്ദേശത്തിന്‍റെ ഐതിഹാസിക യാത്രയ്ക്ക് കശ്മീരില്‍ സമാപനം

Jaihind Webdesk
Monday, January 30, 2023

ശ്രീനഗർ: ഐക്യത്തിന്‍റെ സന്ദേശവാഹകനായി ഇന്ത്യ നടന്നുതീര്‍ത്ത് ചരിത്രം രചിച്ച രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരില്‍  പ്രൗഡോജ്വല സമാപനം. ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് തനിക്ക് കന്യാകുമാരി മുതല്‍ കശ്മീർ വരെ നടക്കാനുള്ള ഊർജം നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കനത്ത മഞ്ഞുവീഴ്ചയെയും അവഗണിച്ച് ശ്രീനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ പലപ്പോഴും രാഹുല്‍ വികാരാധീനനായി.

‘‘3500 കിലോമീറ്റര്‍ പിന്നിടാനാകുമെന്ന് ഉറപ്പില്ലായിരുന്നു. ജനങ്ങളുടെ പിന്തുണയാണ് യാത്ര പൂര്‍ത്തിയാക്കാന്‍ കാരണം. ജനങ്ങള്‍ നല്‍കിയ സ്നേഹം എന്നെ പലപ്പോഴും വികരാധീനനാക്കി’’– സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ 3500 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിഞ്ഞത് ജനങ്ങൾ നൽകിയ പിന്തുണ കാരണമാണ്. സമാപനസമ്മേളനത്തിലെ പ്രസംഗത്തിനിടെ മുത്തശി ഇന്ദിരാ ഗാന്ധിയുടെയും പിതാവ് രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വത്തിന്‍റെ ഓർമകളും അദ്ദേഹം പങ്കുവെച്ചു.

“പ്രിയപ്പെട്ടവർ കൊല്ലപ്പെട്ടതിന്‍റെ വേദന അറിഞ്ഞവരാണ് ഞാനും പ്രിയങ്കയും. മോദിക്കോ അമിത് ഷായ്‌ക്കോ അജിത് ഡോവലിനോ ആ വേദന അറിയില്ല. ബിജെപി നേതാക്കൾക്ക് ഭയമാണ്. ഒരു ബിജെപി നേതാവും ജമ്മു-കശ്മീരിലൂടെ നടക്കില്ല. ഇതുപോലെ ഒരു യാത്രയ്ക്ക് ബിജെപി നേതാക്കൾ ഭയപ്പെടും. കശ്മീരിൽ വെച്ച് ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ജനങ്ങൾ ഗ്രനേഡല്ല, അവരുടെ ഹൃദയം നിറഞ്ഞ സ്‌നേഹമാണ് നൽകിയത്” – രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ശ്രീനഗറിലെ കോണ്‍ഗ്രസ് ഓഫീസില്‍ ഖാർഗെ പതാക ഉയര്‍ത്തിയതോടെ ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങുകള്‍ക്ക് തുടക്കമായി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പൊതുസമ്മേളനത്തില്‍ സംസാരിച്ചു. കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മെഗാസമ്മേളനത്തില്‍ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ പങ്കെടുത്തു. സിപിഎം വിട്ടുനിന്നപ്പോള്‍ സിപിഐയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ പങ്കെടുത്തു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ആര്‍എസ്പിയില്‍നിന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരും മറ്റ് പ്രതിപക്ഷകക്ഷികളിലെ അംഗങ്ങളും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത അടയ്ക്കുകയും വിമാന സർവീസുകള്‍ റദ്ദാക്കുകയും ചെയ്തതിനാല്‍ പല നേതാക്കള്‍ക്കും എത്തിച്ചേരാനായില്ല.

കൊടും വേനലിലാണ് 2022 സെപ്റ്റംബര്‍ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടി കശ്മീരിലെത്തിയ യാത്രയെ വരവേറ്റത് കനത്ത മഞ്ഞുവീഴ്ച. കൊടും തണുപ്പിലെ സമാപനസമ്മേളത്തിലും രാഹുല്‍ ഗാന്ധിക്ക് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയതിനേക്കാള്‍ ആവേശം. പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്യാനുള്ള ഊർജം നല്‍കുന്നത് ഇന്ത്യയെന്ന രാജ്യത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയും സ്നേഹവും. അതിന് കരുത്തേകുന്നത് രാജ്യത്തെ ജനങ്ങള്‍ തിരിച്ചുനല്‍കുന്ന ഹൃദയം നിറഞ്ഞ സ്നേഹവും.