ചരിത്രം രചിക്കാന്‍ ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധി ശ്രീപെരുംപുത്തൂരില്‍, രാജീവ് ഗാന്ധി സ്മാരകത്തില്‍ പ്രാര്‍ത്ഥന; യാത്രയ്ക്ക് വൈകിട്ട് തുടക്കം

Jaihind Webdesk
Wednesday, September 7, 2022

 

തിരുവനന്തപുരം: രാജ്യത്തെ ഭിന്നിപ്പിക്കുന്ന മോദി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയ്ക്ക് ഇന്ന് വൈകിട്ട് തുടക്കമാകും. കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 3500 ലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് കശ്മീരിലെത്തും. 150 ദിവസങ്ങള്‍ കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര രാജ്യത്ത് പുതുചലനം സൃഷ്ടിക്കും. യാത്രയുടെ മുന്നോടിയായി രാഹുല്‍ ഗാന്ധി ശ്രീപെരുംമ്പുത്തൂരിലെത്തി. പിതാവിന്‍റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ രാഹുല്‍ ഗാന്ധി തുടർന്ന് പ്രാര്‍ത്ഥനയിലും പങ്കെടുത്തു.

മോദി സര്‍ക്കാരിന്‍റെ ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുക  എന്ന ലക്ഷ്യത്തോടെയാണ് യാത്ര. ‘ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന ഇന്ത്യ’ എന്നതാണ് യാത്രയുടെ മുദ്രാവാക്യം. മോദി ഭരണത്തിന് കീഴില്‍ രാജ്യത്തെ സമസ്ത മേഖലകളും ഭീഷണി നേരിടുന്നു. വൈവിധ്യങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യയെ ഒന്നിപ്പിക്കുന്ന ചങ്ങലയിലെ കണ്ണികള്‍ മുറിയുകയും അന്തരം വര്‍ധിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അകലുന്ന കണ്ണികളെ കൂട്ടിയിണക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് യാത്രയ്ക്ക് പിന്നില്‍. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയരംഗത്തെ ഏകാധിപത്യം എന്നീ മൂന്ന് വിഷയങ്ങളാണ് യാത്രയില്‍ പ്രധാനമായും ഉയര്‍ത്തിക്കാണിക്കുന്നത്. രാഹുല്‍ ഗാന്ധി നായകത്വം വഹിക്കുന്ന പദയാത്ര കോണ്‍ഗ്രസിന് പുതു ഊർജം പകരും.

 

 

കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. 11 ന് കേരളത്തില്‍ പ്രവേശിക്കുന്ന യാത്ര 19 ദിവസം കൊണ്ട് പാറശാല മുതല്‍ നിലമ്പൂര്‍ വരെ 453 കിലോമീറ്റര്‍ ദൂരം പിന്നിടും. പ്രതിദിനം 22 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഓരോ ദിവസവും രണ്ടു ഘട്ടങ്ങളായാണ് ഭാരത് ജോഡോ പദയാത്ര. രാവിലെ 7  മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 7 മണി വരെയും. രാവിലെ നടക്കുന്ന പദയാത്രയിൽ ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ രണ്ട് കോൺ​ഗ്രസ് ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും അണിചേരും. വൈകുന്നേരങ്ങളിൽ കൂടുതൽ ജന പങ്കാളിത്തം ഉറപ്പാക്കും. രണ്ടു ഘട്ടങ്ങളിലും പൊതുജനങ്ങളുടെ സഞ്ചാര സൗകര്യം ഉറപ്പാക്കിയാകും യാത്ര. ഇതിന് ജില്ലാ കോണ്‍​ഗ്രസ് നേതൃത്വം പോലീസിന്‍റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11 ന് രാവിലെ പാറശാലയിലൂടെ കേരളത്തിലേക്ക് കടക്കുന്ന ജാഥ, 29ന് നിലമ്പൂർ വഴി തമിഴ്നാട്ടിലെ ​ഗൂഢല്ലൂരിലേക്ക് പ്രവേശിക്കും.

വലിയ പൊതുസമ്മേളനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പകരം ഓരോ ജില്ലയിലെയും വിവിധ വിഭാ​ഗങ്ങളിൽപ്പെട്ട പൊതുജനങ്ങളുമായി രാഹുൽ ​ഗാന്ധി ആശയ വിനിമയവും സംവാദവും നടത്തും. എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെയാണ് സംവാദം. കൃഷിക്കാർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, സാംസ്കാരിക നായകർ, കലാകാരന്മാർ, മത നേതാക്കൾ, സാങ്കേതിക വി​ദ​ഗ്ധർ, അഭിഭാഷകർ, പ്രൊഫഷണലുകൾ തുടങ്ങിയവരെല്ലാം സംവാദത്തിൽ പങ്കെടുക്കും. അവർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാകും കോൺ​ഗ്രസിന്റെ ഭാവി പ്രവർത്തനങ്ങൾ. പാർട്ടി രൂപീകരിക്കാൻ പോകുന്ന ദേശീയ വികസന നയരേഖയിലും ഈ നിർദേശങ്ങൾ ഉൾപ്പെടുത്തും.

 

 

ഓരോ സംസ്ഥാനത്തെയും പിസിസികൾക്കാണ് പദയാത്രയുടെ നിയന്ത്രണം. മുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, പിസിസി ഭാരവാഹികൾ, ഡിസിസി നേതാക്കൾ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരെല്ലാം ഭാരത് ജോഡോ യാത്രയുടെ പങ്കാളികളാകും. ​ഗതാ​ഗതക്കുരുക്കുണ്ടാകാത്ത തരത്തിൽ ജാഥ കടന്നു പോകുന്ന ഓരോ പോയിന്‍റിലും പ്രവർത്തകർ ഒത്തുകൂടും. 300 പദയാത്രികരാണ് രാഹുൽ ​ഗാന്ധിക്കൊപ്പമുണ്ടാവുക. കൂടാതെ 118 സ്ഥിരാം​ഗങ്ങളും. ഇന്ന് വൈകുന്നേരം 5 മണിക്ക് കന്യാകുമാരി ബീച്ചിൽ തുടങ്ങുന്ന ഭാരത് ജോഡോ യാത്ര തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി മുൻ പ്രസിഡന്‍റുമാരായ രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ. മുരളീധരൻ തുടങ്ങിയവർ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കെപിസിസി വർക്കിം​ഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് കേരളത്തിലെ ജാഥയുടെ കോർഡിനേറ്റർ.