അകലുന്ന കണ്ണികളെ കൂട്ടിയിണക്കാനായി കോണ്‍ഗ്രസിന്‍റെ ചരിത്രയാത്ര

Jaihind Webdesk
Tuesday, September 6, 2022

ബി.എസ് ഷിജു

 

രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ദശാസന്ധിയില്‍ ഒരു ചരിത്ര ദൗത്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ‘ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവക്യം ഉയര്‍ത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ‘ഭാരത് ജോഡോ’ എന്ന പേരില്‍ പദയാത്ര ആരംഭിക്കുകയാണ് നാളെ മുതല്‍. കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ വൈകുന്നേരം 5 മണിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന പദയാത്ര 148 ദിവസം നീണ്ടുനില്‍ക്കും. 3500 കിലോമീറ്റര്‍ ദൂരം രാഹുല്‍ ഗാന്ധി നടക്കും. 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. 11-ന് കേരളത്തില്‍ പ്രവേശിക്കുന്ന യാത്ര 19 ദിവസം കൊണ്ട് പാറശാല മുതല്‍ നിലമ്പൂര്‍ വരെ 453 കിലോമീറ്റര്‍ ദൂരം പിന്നിടും. പ്രതിദിനം 22 കിലോമീറ്റര്‍ ദൂരം.

മോദി ഭരണത്തിന് കീഴില്‍ രാജ്യത്തെ സമസ്ത മേഖലകളും സ്തംഭന, അരക്ഷിതത്വ ഭീഷണിയിലാണ്. വൈവിധ്യങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യയെ ഒന്നിപ്പിക്കുന്ന ചങ്ങലയിലെ കണ്ണികള്‍ മുറിയുകയും അന്തരം വര്‍ധിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അകലുന്ന കണ്ണികളെ കൂട്ടിയിണക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് യാത്രയ്ക്ക് പിന്നില്‍. അതുകൊണ്ടുതന്നെയാണ് ‘ഭാരതത്തെ ഒരുമിപ്പിക്കൂ’ എന്ന മുദ്രാവാക്യത്തിന് പ്രസക്തി വര്‍ധിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയരംഗത്തെ ഏകാധിപത്യം എന്നീ മൂന്ന് വിഷയങ്ങളാണ് യാത്രയില്‍ പ്രധാനമായും ഉയര്‍ത്തിക്കാണിക്കുന്നത്.

സാമ്പത്തിക അസമത്വം

കുതിച്ചുയരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൊണ്ട് ദുരിതത്തിലാണ് സാധരണ ജനം. കഴിഞ്ഞ ഏപ്രിലില്‍ 4.23 ശതമാനം ആയിരുന്ന പണപ്പെരുപ്പം ഈ ഏപ്രില്‍ ആയപ്പോള്‍ 7.79 ശതമാനമായാണ് ഉയര്‍ന്നത്. അവശ്യ സാധാനങ്ങളുടെ ചെറുകിട വ്യാപാര പണപ്പെരുപ്പം ഏപ്രിലില്‍ 7.79 ശതമാനമായി. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സി.എഫ്.പി.ഐ) കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1.96 ശതമാനമായിരുന്നത് ഈ ഏപ്രിലിലില്‍ 8.33 ശതമാനമായി ഉയര്‍ന്നു.

രാജ്യത്ത് ദരിദ്രരും സമ്പന്നരും തമ്മിലുള്ള എണ്ണം വര്‍ധിക്കുന്നു. സമ്പന്നര്‍ അതിസമ്പന്നരാകുന്നു. പാവപ്പെട്ടവര്‍ ദരിദ്രരും. ലോക അസമത്വ റിപ്പോര്‍ട്ട് പറയുന്നത് ഇന്ത്യയിലെ ജനസംഖ്യയിലെ പത്ത് ശതമാനം പേരാണ് മൊത്തം സമ്പത്തിന്‍റെ 64.6 ശതമാനവും കൈവശം വെച്ചിരിക്കുന്നതെന്നാണ്. താഴെ തട്ടിലുള്ള 5.9 ശതമാനം പേരുടെ കൈവശമുള്ളതാകട്ടെ കേവലം 5.9 ശതമാനമാനം സമ്പത്ത് മാത്രം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 40 ആയി ഉയര്‍ന്നു. ഇവരടക്കം ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ ആസ്തി 22.14 ലക്ഷം കോടിയില്‍ നിന്നും 53.16 ലക്ഷം കോടിയായി വര്‍ധിച്ചു. ചങ്ങാത്ത മുതലാളിമാരുടെ 11 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ എഴുതി തള്ളിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോസ്‌കിയും ലളിത് മോദിയും അടക്കം ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ടവരുടെ എണ്ണം 38 ആണ്. ഇവരെല്ലാം ചേര്‍ന്ന് നടത്തിയ തട്ടിപ്പാകട്ടെ 40,000 കോടി രൂപയുടേതും. കോര്‍പ്പറേറ്റ് ടാക്സ് 30 ശതമാനമാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഇതിലൂടെ പൊതുഖജനാവിനുണ്ടായ നഷ്ടം 1,45,000 കോടിയുടേതും. അതേസമയം സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത ഇന്ധന നികുതിയാകട്ടെ 27.5 ലക്ഷം കോടി രൂപയുടേതും.

ഒരുഭാഗത്ത് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് പ്രീണനം തുടരുമ്പോള്‍ രാജ്യത്തെ അടിസ്ഥാന വര്‍ഗം നേരിടുന്നത് കടുത്ത അവഗണനയാണ്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101 ആയി. 2014 ല്‍ ഇത് 55-ാം സ്ഥാനത്തായിരുന്നു. കൊവിഡിന് ശേഷം ദാരിദ്ര്യത്തില്‍ നിന്നും കരയകയറിയ രാജ്യത്തെ 4.6 കോടി ജനങ്ങളാണ് അതിദാരിദ്ര്യത്തിലേക്ക് വഴുതിവീണത്. പത്ത് വീടുകള്‍ എടുത്താല്‍ അതില്‍ എട്ടു വീടുകളിലെ വരുമാനം കുറഞ്ഞു. ലോകത്തിലെ പോഷകാഹാര കുറവ് നേരിടുന്ന മൂന്നിലൊന്ന് കുട്ടികള്‍ ഇന്ത്യയിലാണെന്ന യൂണിസെഫിന്‍റെ കണക്കുകള്‍ ആശങ്കയുളവാക്കുന്നു.

പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല ഉള്ള തൊഴിലുകളാകട്ടെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. സി.എം.ഐ.ഇയുടെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ജൂലൈയില്‍ മാത്രം 1.3 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. തൊഴിലില്ലായ്മ നിരക്കാണെങ്കില്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉര്‍ന്ന നിരക്കിലും.

കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് പൊറുതിമുട്ടുന്നു. അവര്‍ക്ക് സംരക്ഷണ കവചം ഒരുക്കേണ്ട ഭരണകൂടമാകട്ടെ രാജ്യത്തിന്‍റെ ആസ്തികള്‍ ചങ്ങാത്ത മുതലാളിമാര്‍ക്ക് വലിയ നഷ്ടത്തില്‍ വില്‍ക്കുന്ന തിരക്കിലാണ്. കര്‍ഷകര്‍ മാത്രമല്ല തൊഴിലാളികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍, ആദിവാസികള്‍ എന്നിവരെല്ലാം അരക്ഷിതത്വ ഭീതിയിലാണ്. കര്‍ഷകരുടെ വരുമാനം ഗണ്യമായി കുറഞ്ഞു. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് വില ഉറപ്പ് വരുത്താന്‍ കഴിയുന്നില്ല. തങ്ങള്‍ ചെലവഴിക്കുന്ന തുക പോലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വളം, വിത്ത് എന്നിവയുടെ വില ക്രമാധീതമായി വര്‍ദ്ധിക്കുന്നു. കര്‍ഷകരുടെ വരുമാനത്തില്‍ 2013-നും 2019-നും ഇടയില്‍ 8.9 ശതമാനത്തിന്റെ കുറവാണുണ്ടായത്. രാജ്യത്തെ സാധാരണക്കാരായ കര്‍ഷകരുടെ ശാരശരി പ്രതിദിന വരുമാനമാനം 27 രൂപയാണ്. അതേസമയം ചങ്ങാത്ത മുതലാളിയായ ഗൗതം അദാനിയുടെ പ്രതിദിന വരുമാനമാകട്ടെ 1002 കോടി രൂപയും.

സാമൂഹിക ധ്രുവീകരണം

ജാതി, മതം, പ്രദേശം, ഭാഷ, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കുകയാണ്. സമൂഹത്തെ ധ്രുവീകരിക്കാനും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും ആസൂത്രിതമായ നീക്കം നടക്കുന്നു. ഇതിനായി ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ദുരുപയോഗം ചെയ്യുകയാണ്. വിദ്വേഷവും മുന്‍വിധിയും പ്രചരിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.

മതാന്ധത പ്രചരിപ്പിക്കുന്നവര്‍ വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സമൂഹത്തെ പ്രകോപിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഭരണപാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളില്‍ നിന്നുതന്നെ വിദ്വേഷ പ്രസംഗങ്ങളുണ്ടാകുന്നു. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുമാണ് ഇക്കൂട്ടരുടെ ശ്രമം. അത്തരക്കാര്‍ക്കെതിരെ അര്‍ത്ഥവത്തായതും ശക്തവുമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് സര്‍ക്കാരിന്‍റേത്. കര്‍ണാടകയിലും രാജ്യത്തിന്‍റെ മറ്റ് ചില ഭാഗങ്ങളിലും ഹിജാബ് ധരിച്ചതിനെ ചൊല്ലിയും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ രാമനവമി ദിനത്തില്‍ ഹോസ്റ്റല്‍ മെസ്സില്‍ നോണ്‍ വെജ് ഭക്ഷണം വിളമ്പിയതിനെ ചൊല്ലിയുമൊക്കെ ഉണ്ടായ അക്രമങ്ങള്‍ ഇതിന്‍റെ തെളിവാണ്.

മോദി സര്‍ക്കാര്‍ അധികാരലത്തിലെത്തിയ 2014 മുതല്‍ 2020 വരെ ഐപിസി 147 മുതല്‍ 151 വരെ വകുപ്പുകള്‍ ചുമത്തി 5415 വര്‍ഗീയ സംഘര്‍ഷങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2020 ല്‍ മാത്രം രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകള്‍ 857 എണ്ണമാണ്. 2019 നും 20 നും ഇടയില്‍ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 9.4 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഓരോ പത്ത് മിനിറ്റിലും ദളിത് വിഭാഗത്തിലുള്ളവര്‍ക്ക് പീഡനം നേരിടേണ്ടിവരുന്നു. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ 2015 നെ അപേക്ഷിച്ച് 4 മടങ്ങ് വര്‍ധനവുണ്ടായി. 2015 ല്‍ 410 എണ്ണമായിരുന്ന ഇത്തരം സംഭവങ്ങള്‍ 2020 ല്‍ 1886 ആയാണ് ഉയര്‍ന്നത്.

രാഷ്ട്രീയ രംഗത്തെ ഏകാധിപത്യം

ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ് അധികാരത്തിലുള്ള സര്‍ക്കാര്‍. പൗരന്മാരുടെ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഭരണഘടനയെ അട്ടിമറിക്കാനും, ഭരണഘടനാ സ്ഥാപനങ്ങളെ തര്‍ക്കാനും ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനും സംഘടിതമായ ശ്രമമാണ് നടക്കുന്നത്. ജനാധിപത്യ രീതിയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അധികാരവും പണം ഉപയോഗിച്ച് അസ്ഥിരപ്പെടുത്തുക പതിവാക്കിയിരിക്കുന്നു. മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാരിനെ താഴെയിറക്കിയത് ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോട് കേന്ദ്രം പുലര്‍ത്തുന്നത് ചിറ്റമ്മ നയമാണ്. ജിഎസ്ടിയുടേത് അടക്കമുള്ള അര്‍ഹതപ്പെട്ട നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് സമയബന്ധിതമായി നല്‍കുന്നില്ല.

ജനാധിപത്യം ശക്തമാകുന്നത് വിയോജിപ്പുകള്‍ രേഖപ്പെടുത്തുമ്പോഴാണ്. എന്നാല്‍ വിയോജിപ്പിന്‍റെ ശബ്ദമുയര്‍ത്തുന്നവര്‍ കൊലചെയ്യപ്പെടുന്നു. ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരെല്ലാം കൊല്ലപ്പെട്ടത് സമാന രീതിയിലാണ്. പ്രതിഷേധിക്കുന്നവരെയും പ്രതികരിക്കുന്നവരെയും യുഎപിഎ അടക്കമുള്ള കേസുകള്‍ ചുമത്തി നിശബ്ദരാക്കാനും ശ്രമമുണ്ട്. ഇത്തരം വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസുകളുടെ ശരാശരി എണ്ണം പ്രതിവര്‍ഷം 985 ആണ്. രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെ അടക്കം 10522 പേരെയാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 2014 മുതല്‍ 2021 വരെ രാജ്യദ്രോഹ കുറ്റത്തിന് 450 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പാര്‍ലമെന്‍റിനെ നോക്കുകുത്തിയാക്കിയിരിക്കുന്നു. യുപിഎ ഭരണകാലത്ത് അവതരിപ്പിക്കുന്ന 60-മുതല്‍ 70 ശതമാനം ബില്ലുകളും വിദഗ്ധപരിശോധനയ്ക്കായി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പരിഗണനയ്ക്ക് വിടുമായിരുന്നു. എന്നാല്‍ ഇത് ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് 27 ശതമാനമായും രണ്ടാം സര്‍ക്കാരിന്‍റെ കാലത്ത് 13 ശതമാനവുമായി കുറഞ്ഞു. 2014 മേയ്ക്കും 2022 ഏപ്രിലിനും ഇടയില്‍ 313 ബില്ലുകള്‍ അവതരിപ്പിച്ചതില്‍ കേവലം 51 എണ്ണം മാത്രമാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. ശേഷിക്കുന്ന 262 എണ്ണവും ഒരു പരിശോധനയും കൂടാതെ ഏകപക്ഷീയമായി പാസാക്കി. 10 ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ ശരാശരി രണ്ടെണ്ണം ഓര്‍ഡിനന്‍സാണ്.

സിബിഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്, ഇന്‍കം ടാക്സ് എന്നീ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസ് അടക്കം ഇതിന്‍റെ ഉദാഹരണമാണ്. അതേസമയം രഹസ്യ ധാരണയുണ്ടാക്കി വിധേയരായി നില്‍ക്കുന്ന നേതാക്കള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരായ കേസുകളില്‍ ഇതേ ഏജന്‍സികള്‍ തുടരുന്നത് മെല്ലപ്പോക്ക് സമീപനമാണെന്നതാണ് വിചിത്രം.

സമ്പുഷ്ടമായിരുന്ന ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണ്ണമായും ഏകാധിപത്യത്തിലേക്ക് വഴിമാറി കഴിഞ്ഞു. ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പോലുള്ളവ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ നിയമനിര്‍മ്മാണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അവസാനിച്ചിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ 150-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എതിരായി എഴുതുന്ന മാധ്യമ പ്രവര്‍ത്തകരെ വ്യാജകേസില്‍ കുടുക്കി ജയിലടയ്ക്കുന്ന എത്രയോ സംഭവങ്ങളുണ്ടായി. തങ്ങള്‍ക്കെതിരായി വാര്‍ത്തനല്‍കുന്നവരെ എങ്ങനെ ഭരണകൂടം വേട്ടയാടുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്‍ഡി ടിവി അദാനി ഏറ്റെടുത്തത്.

രാജ്യം ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ ബഹുമുഖ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ഭാരത് ജോഡോ യാത്ര. ബ്രിട്ടീഷ് അധിനിവേശത്തോട് പോരാടി നേടിയെടുത്ത സ്വാതന്ത്ര്യത്തെയോ ഐക്യത്തെയോ സ്വേച്ഛാധിപത്യ ധാര്‍ഷ്ട്യത്തിലൂടെ തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിച്ചുകൂടെന്ന സന്ദേശമാണ് യാത്ര ഉയര്‍ത്തുന്നത്. വര്‍ഗീയമായ വിഭജനവും ജാതീയ ലിംഗവിവേചന പരമായ പ്രചരണങ്ങളും ഭാഷപരമായ വിവേചനങ്ങളുമൊക്കെ താത്ക്കാലിക രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കും. എന്നാല്‍ ഇവ ശിഥിലമാക്കുന്നതാകട്ടെ ഇന്ത്യയുടെ പുരോഗതിയേയും ഇന്ത്യയെന്ന ആശയത്തെയുമാണ്. ഇത്തരത്തില്‍ ഇന്ത്യയെന്ന ആശയത്തെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ശക്തികളെ ചെറുത്തുതോല്‍പ്പിക്കേണ്ടതും രാജ്യത്തിന്‍റെ ജാനാധിപത്യ, മതേതര സ്വാഭാവം നിലനിര്‍ത്തേണ്ടതും കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. ഈ മഹത്തായ ദൗത്യം ഏറ്റെടുത്ത്, ഇന്ത്യയുടെ ആത്മാവ് തിരികെ പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭാരത് ജോഡോ യാത്രയില്‍ രാഷ്ട്രീയത്തിന് അതീതമായി അണിചേരുകയെന്നത് രാജ്യസ്നേഹികളായ ഓരോ ഭാരതീയന്‍റെയും കടമയും കര്‍ത്തവ്യവുമാണ്.