രാജ്യത്തെ ഐക്യത്തോടെ ചേര്‍ത്തുപിടിച്ച് രാഹുല്‍; ഭാരത് ജോഡോ യാത്ര നാളെ പുനഃരാരംഭിക്കും

Jaihind Webdesk
Monday, January 2, 2023

ന്യൂഡല്‍ഹി: ‘ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയർത്തി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ പുനരാരംഭിക്കും. 9 സംസ്ഥാനങ്ങൾ പിന്നിട്ട യാത്ര ഡൽഹി യമുനാ ബസാറിൽ നിന്നാണ് പുനരാരംഭിക്കുക.

പിന്നിട്ട സംസ്ഥാനങ്ങളിൽ ഉടനീളം വലിയ സ്വീകാര്യതയാണ് രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്നത്. വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ച് പദയാത്രയിൽ അണിനിരന്നു കഴിഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് ഭാരത് ജോഡോ യാത്രയെ വേദിയാക്കാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തതിന് പിന്നാലെ പ്രമുഖ പ്രതിപക്ഷ നേതാക്കൾ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

2024 ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി സ്ഥാനാർത്ഥിയാകാൻ രാഹുൽ ഗാന്ധിക്ക് താനും തന്‍റെ പാർട്ടിയും എല്ലാവിധ പിന്തുണയും നൽകുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ നിതീഷ് കുമാറിനെ പിന്തുണച്ച് തേജ്വസ്വി യാദവും രംഗതെത്തി. നിതീഷ് കുമാറിന്‍റെ പ്രസ്താവന പ്രതിപക്ഷ ഐക്യത്തിനുള്ള മാർഗനിർദ്ദേശമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നുവെന്നും നെഹ്റുവിന്‍റെ അനന്തരാവകാശികൾ സംസാരിക്കുമ്പോൾ ഗോഡ്സെയുടെ പിൻഗാമികൾക്ക് അസ്വസ്ഥതയുണ്ടാകുന്നതിൽ അത്ഭുതമില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും അഭിപ്രായപ്പെട്ടു. എൻസിപി നേതാവ് സുപ്രിയ സുലെ, ശിവസേന നേതാവ് ആദിത്യ താക്കറെ, നടൻ കമൽ ഹാസൻ, റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ ഉൾപ്പടെയുള്ളവർ ഉൾപ്പടെയുള്ളവർ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് യാത്രയിൽ അണിനിരന്നിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 07 ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 9 സംസ്ഥാനങ്ങള്‍ പിന്നിട്ട് ജനലക്ഷങ്ങള്‍ക്ക് ആവേശമായി പ്രയാണം തുടരുകയാണ്. 108 ദിവസം പിന്നിടുമ്പോള്‍ 9 സംസ്ഥാനങ്ങളും 46 ജില്ലകളും പിന്നിട്ട് ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ 8 സംസ്ഥാനങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് യാത്ര രാജ്യതലസ്ഥാനത്ത് പ്രവേശിച്ചത്. രാജ്യത്ത് വലിയ ചലനം സൃഷ്ടിച്ചാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുടെ അജണ്ടകള്‍ക്കെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് യാത്ര ഇന്ത്യയൊട്ടാകെ പ്രയാണം നടത്തുന്നത്.

പിന്നിടുന്ന ഓരോ കേന്ദ്രങ്ങളിലും ആർത്തലച്ചെത്തുന്ന ജനസമുദ്രം യാത്രയെ ജനം എത്രത്തോളം ആവേശത്തോടെ സ്വീകരിക്കുന്നു എന്നതിന്‍റെ നേർസാക്ഷ്യമായി മാറുന്നു. 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടുന്ന യാത്ര കശ്മീരില്‍ സമാപിക്കുന്നതോടെ വലിയ ഒരു മാറ്റത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ കൂടി പിന്നിട്ട് ഭാരത് ജോഡോ യാത്ര ജനുവരി 30ന്  ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിക്കും.