രാജ്യത്തെ ചേർത്തുപിടിച്ച് രാഹുല്‍ ഗാന്ധി; ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശില്‍

Jaihind Webdesk
Wednesday, March 6, 2024

 

ഭോപ്പാല്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 53 ദിവസങ്ങൾ പിന്നിട്ട് മധ്യപ്രദേശിൽ തുടരുകയാണ്. ഹിന്ദി ഹൃദയ ഭൂമിയിലും യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. യാത്ര നാളെ ഗുജറാത്തിലേക്ക് പ്രവേശിക്കും.

ഇന്ത്യയിലെ തൊഴിലായ്മ പരിഹരിക്കുന്നതിൽ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ യുവാക്കൾ ആറും ഏഴും മണിക്കൂറുകൾ റീലുകള്‍ കണ്ട് സമയം കളയുന്നു. എന്നാൽ ചൈന അടക്കമുള്ള വിദേശരാജ്യങ്ങളിൽ യുവാക്കൾ ജോലി ചെയ്യുന്നു. മോദി ആഗ്രഹിക്കുന്നത് യുവാക്കൾ റീലുകള്‍ കണ്ട് ജയ് ശ്രീരാം വിളിക്കണമെന്ന് മാത്രമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മധ്യപ്രദേശിലൂടെ ഉള്ള ഭാരത് ജോഡോ ന്യായ് യാത്രയിലാണ് രാഹുൽ ഗാന്ധി വിമർശനങ്ങൾ ഉയർത്തിയത്.

നീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യത്തോടെ ജനുവരി 14 ന് മണിപ്പൂരിൽ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്. 67 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 6713 കിലോമീറ്റർ യാത്ര സഞ്ചരിക്കും. മാർച്ച് 20 ന് മുംബൈയിലാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം.