ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പര്യടനം പൂർത്തിയാക്കും; നാളെ മുംബൈയില്‍ മഹാസമ്മേളനം

Jaihind Webdesk
Saturday, March 16, 2024

 

ന്യൂഡൽഹി: ഇന്ത്യൻ ജനതയെ തൊട്ടറിഞ്ഞ രണ്ടാം ഭാരത് ജോഡോ യാത്ര ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. നാളെ മുംബൈയില്‍ മഹാസമ്മേളനത്തോടെയാണ് ഔദ്യോഗിക സമാപനം. 63 ദിവസങ്ങൾ കൊണ്ട് 15 സംസ്ഥാനങ്ങൾ പിന്നിട്ട യാത്ര വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങളെ നേരിട്ട് അറിയുകയും അത് പൊതുസമൂഹത്തിൽ എത്തിക്കുകയും ചെയ്തതാണ് ന്യായ് യാത്രയുടെ വിജയം.

ഒരു രാഷ്ട്രീയ പാർട്ടി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ കാൽനടയായും വാഹനത്തിലൂടെയും മുഴുവൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങളെ അറിയാനായി ഇറങ്ങിയത് ലോക ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. രാഹുൽ ഗാന്ധി നയിച്ച രണ്ടു യാത്രകളും ജനഹൃദയങ്ങളിലൂടെ ആയിരുന്നു മുന്നേറിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാൾ എന്നിവര്‍ക്ക് ഞായറാഴ്ച നടക്കുന്ന മഹാസമ്മേളനത്തിലേക്ക് ക്ഷണം ഉണ്ട്. ഇന്‍ഡ്യ സഖ്യത്തിന്‍റെ ശക്തി പ്രകടനമായി സമ്മേളനം മാറും.

ജനുവരി 14-ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 63 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ചാണ്‌ മഹാറാലിയോടെ നാളെ മുംബൈയിൽ സമാപിക്കുന്നത്. 63 ദിവസങ്ങൾ പിന്നിട്ട യാത്ര മഹാരാഷ്ട്രയിലെ താനെയിലൂടെ മുന്നേറുകയാണ്. നാളെ ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടികളുടെ സംയുക്ത റാലിയോടെയാണ് ഔദ്യോഗികമായി ന്യായ് യാത്ര അവസാനിക്കുന്നത്. കർഷകരുടെ യുവാക്കളുടെയും പ്രശ്നങ്ങളും ജാതി സെൻസസും പൗരത്വ നിയമ ഭേദഗതിയും തൊഴിലില്ലായ്മയും പൊതുപരീക്ഷകളിലെ പ്രശ്നങ്ങളുമടക്കം വലിയ വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. അതോടൊപ്പം മഹിളാ, യുവ ന്യായ് അടക്കം വലിയ പ്രഖ്യാപനങ്ങളാണ് ജനങ്ങൾക്ക് നൽകിയതും. കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ ഇവയെല്ലാം ഉൾപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്.