
ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണം ഒരു കേന്ദ്രവിഷയമാക്കി മാറ്റുന്നതില്‍ ഭാരത് ജോഡോ ന്യായ യാത്ര രാജ്യത്തെ പൊതുചര്‍ച്ചകളിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നിര്‍ണ്ണായക പങ്കുവഹിച്ചതായി കോണ്‍ഗ്രസ്. രാജ്യവ്യാപകമായ ഈ പദയാത്ര ഭരണഘടനാ മൂല്യങ്ങളിലേക്കും ജനാധിപത്യ സംരക്ഷണത്തിലേക്കും മാറ്റാന്‍ സഹായിച്ചുവെന്ന് യാത്രയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വ്യക്തമാക്കി.
മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമായിരുന്ന 2024 ജനുവരി 14-നാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ മുതല്‍ മുംബൈ വരെയുള്ള ഭാരത് ജോഡോ ന്യായ യാത്ര ആരംഭിച്ചത്.് രണ്ട് മാസത്തിനുള്ളില്‍ 15 സംസ്ഥാനങ്ങളിലൂടെ ഏകദേശം 6,600 കിലോമീറ്റര്‍ സഞ്ചരിച്ച യാത്ര, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന വിഷയത്തിന് ഊന്നല്‍ നല്‍കി. വെറുപ്പിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിന് പകരം സൗഹാര്‍ദ്ദത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ബദല്‍ മുന്നോട്ടുവെക്കാനാണ് യാത്ര ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭയത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തിന് പകരം ഉള്‍ക്കൊള്ളലിലും നീതിയിലും അധിഷ്ഠിതമായ ഇന്ത്യയുടെ പുതിയ കാഴ്ചപ്പാട് കോണ്‍ഗ്രസ് അവതരിപ്പിക്കുമെന്ന് യാത്രയുടെ തുടക്കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. 63 ദിവസം നീണ്ടുനിന്ന യാത്ര 2024 മാര്‍ച്ച് 16-ന് മുംബൈയില്‍ സമാപിച്ചു. സമാപന വേളയില്‍ ചൈത്യഭൂമിയിലെ ബി.ആര്‍. അംബേദ്കര്‍ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച രാഹുല്‍ ഗാന്ധി, ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങളെ പ്രഖ്യാപിക്കുകയും ചെയ്തു.
സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം, ജനാധിപത്യപരമായ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങള്‍ ദേശീയ സംവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് എത്തിക്കാന്‍ ഈ യാത്ര ഒരു വഴിത്തിരിവായെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. വിഭജന രാഷ്ട്രീയത്തെ പ്രതിരോധിക്കാനും ജനകീയ പ്രശ്‌നങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും ലക്ഷ്യമിട്ട് 2022-23 കാലയളവില്‍ നടത്തിയ ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായിരുന്നു ഈ രണ്ടാം ഘട്ട യാത്ര.