ജനനായകനായി രാഹുല്‍; ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശില്‍

Jaihind Webdesk
Saturday, February 17, 2024

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 35-ാം ദിവസത്തിലേക്ക്. 10 സംസ്ഥാനങ്ങൾ പിന്നിട്ട ന്യായ് യാത്ര ഹിന്ദി ഹൃദയഭൂമിയിലൂടെ മുന്നേറുകയാണ്. ഇന്നലെ ഉത്തർപ്രദേശിൽ പ്രവേശിച്ച യാത്ര രണ്ട് ജില്ലകളിലൂടെ 120 കിലോമീറ്റർ സഞ്ചരിക്കും. കോൺഗ്രസ് പാർട്ടി കർഷകർക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് വ്യക്തമാക്കി. കർഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുലിന്‍റെ പ്രസ്താവന.

സംഘപരിവാറിന് ബിജെപിക്കും എതിരെ പോരാടുന്നതിൽ താൻ പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി ഓരോ ജനക്കൂട്ടത്തോടും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ബിജെപിയുടെയും സംഘപരിവാറിന്‍റെയും രാഷ്ട്രീയ തന്ത്രങ്ങളെ അതിജീവിച്ച ന്യായ് യാത്ര ജനഹൃദയങ്ങളിലൂടെ മുന്നേറുകയാണ്. ബിജെപിയുടെയും കേന്ദ്ര സർക്കാരും ഉയർത്തുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് രാഹുല്‍ ഗാന്ധി നീതിക്കായുള്ള തന്‍റെ ചുവടുവെപ്പ് കരുത്തോടെ തുടരുകയാണ്.

34 ദിവസങ്ങൾ കൊണ്ട് 10 സംസ്ഥാനങ്ങൾ പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ പിന്തുണയാണ് ജനം നൽകുന്നത്. ജനുവരി 14 ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിക്കും. 67 ദിവസം കൊണ്ട് 6,713 കിലോമീറ്റർ പിന്നിടുന്ന യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.