രാഹുലിന്‍റെ യാത്രയ്ക്ക് അസമിൽ വൻ സ്വീകാര്യത: യാത്രയ്ക്കൊപ്പം ചേർന്ന് സിപിഎം പാർട്ടി സെക്രട്ടറിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവർ; ന്യായ് യാത്രയെ ഒറ്റക്കെട്ടായി പിന്തുണച്ച് പ്രതിപക്ഷ കക്ഷികള്‍

Jaihind Webdesk
Sunday, January 21, 2024

 

അസം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പിന്തുണയുമായി സിപിഎം പാർട്ടി സെക്രട്ടറിയും എംഎല്‍എയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കള്‍. അസം സിപിഎം സംസ്ഥാന സെക്രട്ടറി  സുപ്രകാശ് താലൂക്ദാർ, എംഎല്‍എ  മനോരഞ്ജൻ താലൂക്ദാർ എന്നിവരുടെ നേതൃത്വത്തിലാണ് രാഹുലിന്‍റെ യാത്രയ്ക്ക് അസം സിപിഎം ശക്തമായ പിന്തുണ അറിയിച്ചത്. കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും മാത്രമല്ല പ്രതിപക്ഷ കക്ഷികളുടെ സംസ്ഥാന നേതാക്കളും യാത്രയിൽ അണിനിരന്നത് ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയായി.

യാത്രയ്ക്ക് അസമിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് യാത്രയെ സ്വീകരിക്കാൻ എത്തിയത്. അസം സിപിഎം സെക്രട്ടറിയും എംഎല്‍എയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് ശക്തമായ പിന്തുണയുമായി എത്തി. യാത്രയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യത കേന്ദ്ര സർക്കാരിനെയും അസം സർക്കാരിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഏതു വിധേനയും യാത്രയെ തകർക്കാൻ ഉള്ള നീക്കങ്ങളാണ് അസമിലെ ബിജെപി സർക്കാർ നടത്തുന്നത്. രാഹുൽ ഗാന്ധിക്ക് എതിരെ കേസ് എടുത്തു യാത്ര തടസപ്പെടുത്താൻ ശ്രമം നടത്തി. യാത്രയെ ആക്രമിച്ചും മറ്റ് മാർഗങ്ങളിലൂടെയുമാണ് സംസ്ഥാന സർക്കാർ യാത്രയെ നേരിട്ടത്. ഇത് യാത്രയുടെ ജനപിന്തുണ വർധിപ്പിച്ചു. മറ്റ് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം യാത്രയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തി. നേതാക്കൾ യാത്രയിൽ പങ്കെടുത്താണ് സാന്നിധ്യം അറിയിച്ചത്. ആം ആദ്മി പാർട്ടിയിൽ നിന്ന് ഡോ ഭാബെൻ ചൗധരി, മാമുൻ ഇംദാദുൽ ഹഖ് ചൗധരി, രാജേഷ് ശർമ്മ, മനുജ് ധന്‍വർ എന്നിവരും  സിപിഎമ്മില്‍ നിന്ന് മനോരഞ്ജൻ താലൂക്ദാർ എംഎല്‍എ, പാർട്ടി സംസ്ഥാന സെക്രട്ടറി സുപ്രകാശ് താലൂക്ദാർ എന്നിവരും പിന്തുണ അറിയിച്ച് രംഗത്ത് എത്തി.

എജെപിയില്‍ നിന്ന് ലുരിൻജ്യോതി ഗൊഗോയ്, രാജു ഫുകൻ, ദുൽദുൽ ബർകോടകി,  റൈജോർ ദളിന്‍റെ നേതാക്കളായ അഖിൽ ഗൊഗോയ്, ഭാസ്‌കോ ഡി സൈകിയ, റസൽ ഹുസൈൻ, തുടങ്ങിയവരും യാത്രയ്ക്ക് എത്തി. ജാതിയ ദളില്‍ നിന്നും ദിഗന്ത കൊൺവാർ, പ്രണബ് ജ്യോതി ചേതിയ, സിപിഐ(എംഎല്‍) നിന്ന് ലീലാ ശർമ്മ, അനന്ത ഹസാരിക, ശിവസേനയിൽ  നിന്ന് രാംനാരായണൻ, പ്രദീപ് ബോറ എന്നിവരും പിന്തുണ അറിയിച്ചു.

സിപിഐയും പിന്തുണയുമായി രംഗത്ത് എത്തി. പാർട്ടി പ്രതിനിധികളായ പ്രണബ് ഗൊഗോയ്, രതുൽ ബോറ, പികു മോനി ദത്ത, ശ്രീകൃഷ്ണ ഗൊഗോയ് എന്നിവർ യാത്രയ്ക്ക് എത്തി. എന്‍സിപിയില്‍ നിന്നും ശ്രീ മഹേന്ദ്ര ഭുയാൻ, എക്സിക്യൂട്ടീവ് പ്രസിഡന്‍റ്, അനുപ് പ്രതിം ബാർബറുവജനറല്‍ സെക്രട്ടറി, എപിഎച്ച്എല്‍സിയില്‍ നിന്നും ജോൺ ഇംഗ്റ്റി, കുർസിയോങ് തിമങ്, ആർജെഡി അസമില്‍ നിന്നും സ്വർണ്ണ ഹസാരിക, ഫോർവേഡ് ബ്ലോക്കില്‍ നിന്നും ലെബനു സുരൻ, റഫീക്കുൽ ഇസ്ലാം എന്നിവരും അസം ജെഡിയുവില്‍ നിന്ന് പരേഷ് നാഥ് എന്നിവരും പിന്തുണ അറിയിച്ചു. അസം സർക്കാരിന് കനത്ത തിരിച്ചടിയാണ് പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം യാത്രയ്ക്ക് നൽകിയ പിന്തുണ.