ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിക്കുന്നത് ഭയം കൊണ്ട്: കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Wednesday, January 10, 2024

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിക്കുന്നത് ഭയം കൊണ്ടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. എന്നാൽ മണിപ്പൂരിൽ നിന്നുതന്നെ യാത്ര ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ വെബ്സൈറ്റും ലഘുലേഖയും പുറത്തിറക്കി . യാത്രയിൽ പങ്കെടുക്കുന്നവർ ന്യായ് യോദ്ധ എന്ന് അറിയപ്പെടും.

മണിപ്പുർ മുഖ്യമന്ത്രിയുടെ ഒരു പരിപാടി ഇംഫാലില്‍ നടക്കുന്നതിനാൽ പാലസ് ഗ്രൗണ്ടിലേക്ക് മാറ്റണമെന്നാണ് മണിപ്പുർ സർക്കാർ അറിയിച്ചിരിക്കുന്നത്. മണിപ്പുർ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, ചീഫ് സെക്രട്ടറിക്ക് ഒരാഴ്ച മുമ്പ് ഉദ്ഘാടന വേദിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ മൂന്ന് ദിവസം മുമ്പ് അനുമതി നിഷേധിച്ചതായി അറിയിക്കുകയായിരുന്നു. രാഷ്ട്രീയ കാരണം ഒന്നുകൊണ്ട് മാത്രമാണ് അനുമതി നിഷേധിച്ചതെന്നും യാത്രയെ അവർ ഭയപ്പെടുന്നു എന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. എങ്ങിനെ പരിപാടി നടത്തണമെന്ന് കോൺഗ്രസിന് അറിയാമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ന്യായ് യാത്രയുടെ ഭാഗമായുള്ള വെബ്സൈറ്റും ലഘുലേഖയും പുറത്തിറക്കി. യാത്രയിൽ പങ്കെടുക്കുന്നവർ ന്യായ് യോദ്ധ എന്ന് അറിയപ്പെടും. 9891802024 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയാൽ യാത്രയുടെ വിവരങ്ങൾ അറിയാനാകും. ഇതൊരു രാഷ്ട്രീയ യാത്രയയല്ലെന്നും ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള യാത്രയാണെന്നും നേതാക്കൾ വ്യക്തമാക്കി.