ഒന്നിക്കാം, നീതിക്കായി ചുവടുവെക്കാം… ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം

Jaihind Webdesk
Sunday, January 14, 2024

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡൽഹിയിൽ നിന്നും പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇംഫാലിലേക്ക് പോകുന്നത്. രാവിലെ 8.45 ഓടെ ഇംഫാലിലേക്ക് തിരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനം പുറപ്പെടുന്നത് വൈകുകയാണ്.

15  സംസ്ഥാനങ്ങളിലായി 110 ലോക്സഭാ മണ്ഡലങ്ങളിലൂടെയും 337 നിയമസഭാ മണ്ഡലങ്ങളിലൂടെയുമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നടക്കുക. 66 ദിവസം കൊണ്ട് മൊത്തം 6713 കിലോമീറ്റർ ആണ് യാത്ര സഞ്ചരിക്കുക. മണിപ്പൂരിലെ തൗബാൽ ജില്ലയിൽ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായി. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെല്ലാം ചാർട്ടേഡ് വിമാനത്തിലാണ്  ഇംഫാലിലേക്ക് തിരിക്കുന്നത്.

കേരളത്തിൽ നിന്നും കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി, അടൂർ പ്രകാശ്, ജെബി മേത്തർ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ട്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തെ തുടർന്ന് ബെന്നി ബഹനാൻ എംപി മണിപ്പൂർ യാത്ര ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചു.