ഭാരത് ബന്ദ് പൂർണം ; കർഷകർക്ക് പിന്തുണയുമായി ആയിരങ്ങള്‍ തെരുവില്‍ ; ദേശീയ പാതകൾ ഉപരോധിച്ചു

Jaihind News Bureau
Tuesday, December 8, 2020

 

ന്യൂഡല്‍ഹി :  വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പൂർണം. രാജ്യവ്യാപകമായി ബന്ദിന് പിന്തുണയുമായി ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. പലയിടത്തും സമരാനുകൂലികൾ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. ദേശീയ പാതകൾ ഉൾപ്പെടെ സമരാനുകൂലികൾ ഉപരോധിച്ചു.

കർഷകർക്ക് പുറമെ തൊഴിലാളി സംഘടനകൾ, യുവജന, വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഡൽഹിക്ക് പുറത്ത് വലിയ പിന്തുണ കർഷക പ്രതിഷേധങ്ങൾക്ക് ലഭിക്കുന്നെന്ന് വ്യക്തമാക്കുന്നതായിരുന്നു ഭാരത് ബന്ദ്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. ട്രെയിൻ തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ബിഹാറിൽ കർഷകർ ദേശീയ പാതകൾ ഉപരോധിച്ചു. തെലങ്കാനയിൽ റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ തൊഴിലാളികൾ പണിമുടക്കി. ആന്ധ്ര പ്രദേശിൽ കർഷക സംഘടനകൾ തെരുവിലിറങ്ങി. ഭാരത് ബന്ദ് കണക്കിലെടുത്ത് ഭൂരിഭാഗം പരീക്ഷകളും മാറ്റിവെച്ചു. ജാർഖണ്ഡിൽ ഭാരത് ബന്ദിന് പിന്തുണയുമായി കർഷകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.