ആലപ്പുഴയെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര; ആദ്യ ദിവസത്തെ യാത്രയ്ക്ക് ചേപ്പാട് സമാപനം

 

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലെ ആദ്യ ദിന പ്രയാണം പൂര്‍ത്തിയാക്കി. ആവേശകരമായ വരവേൽപ്പാണ് യാത്രയ്ക്ക് ജില്ലയില്‍ ലഭിച്ചത്.  10-ാം ദിവസത്തിലേക്ക് കടന്ന യാത്രയുടെ പ്രയാണം
കൊല്ലം കരുനാഗപ്പള്ളി പുതിയ കാവിൽ നിന്നും ആരംഭിച്ച് നങ്ങ്യാർകുളങ്ങര ചേപ്പാട് എന്‍ടിപിസി ഗ്രൗണ്ടിൽ അവസാനിച്ചു.
കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി രാവിലെ 8.30 തോടെയാണ് യാത്ര ആലപ്പുഴയിൽ പ്രവേശിച്ചത്.

കൊല്ലം ജില്ലയിലെ ആവേശകരമായ പ്രയാണത്തിനൊടുവിൽ ആലപ്പുഴയിലേക്ക് കടന്ന ഭാരത് ജോഡോ യാത്രയെ ജനങ്ങള്‍ ആവേശത്തോടെയാണ് വരവേറ്റത്. കരുനാഗപ്പള്ളി പുതിയ കാവിൽ നിന്നും ആരംഭിച്ച് ഓച്ചിറ വഴി ആലപ്പുഴയിലേക്ക് പ്രവേശിച്ച യാത്രയ്ക്ക് ആവേശകരമായ വരവേൽപ്പാണ് എങ്ങും ലഭിക്കുന്നത്. കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളുമായിട്ടാണ് ആലപ്പുഴയിൽ യാത്രയയ്ക്ക് വരവേൽപ്പ് ഒരുക്കിയത്. യാത്രയുടെ ആദ്യപാദം കായംകുളത്തെ ജിഡിഎം  ഗ്രൗണ്ടിൽ സമാപിച്ച ശേഷം ഭിന്നശേഷിക്കാരായ കുട്ടികളുമായി അദ്ദേഹം ആശയ വിനിമയം നടത്തി. വൈകുന്നേരം ജിഡിഎം ഗ്രൗണ്ടിൽ നിന്നും വീണ്ടും ആരംഭിച്ച യാത്രയിൽ ആയിരങ്ങൾ അണിചേർന്നു.

ഇതിനകം തന്നെ കേരള ജനത നെഞ്ചിലേറ്റിയ യാത്ര അക്ഷരാർത്ഥത്തിൽ ആലപ്പുഴയെ ആവേശത്തിരയിലാഴ്ത്തുകയാണ്. പതിവു പോലെ ജനഹൃദയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങി അവരുടെ സ്പന്ദനങ്ങൾ തൊട്ടറിഞ് തന്നെയാണ് രാഹുൽ ഗാന്ധി ഇന്നും പ്രയാണം തുടർന്നത്. നങ്ങ്യാർകുളങ്ങര ചേപ്പാട് എന്‍ടിപിസി ഗ്രൗണ്ടിൽ യാത്ര എത്തിയപ്പോൾ ചേർന്ന സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. കെ.സി വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എംഎല്‍എ, എംപിമാരായ കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പി.സി വിഷ്ണുനാഥ്, സി.ആർ മഹേഷ് രാഷ്ട്രീയകാര്യസമിതി അംഗം എം ലിജു എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയെ അനുഗമിച്ചു.

Comments (0)
Add Comment