വലിച്ചെറിയരുത് ഈ കുപ്പികള്‍, 20 രൂപ പോക്കറ്റിലാക്കാം! ബെവ്‌കോയുടെ കുപ്പി ഡെപ്പോസിറ്റ് പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു

Jaihind News Bureau
Thursday, January 1, 2026

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ പൊതുയിടങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുന്ന ശീലം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘പ്ലാസ്റ്റിക് കുപ്പി ഡെപ്പോസിറ്റ് സ്‌കീം’ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നടപ്പിലാക്കിയ പദ്ധതി വന്‍ വിജയമായതോടെയാണ് സര്‍ക്കാര്‍ ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

എന്താണ് ഈ പദ്ധതി?

പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ കുപ്പി ഒന്നിന് 20 രൂപ ഡെപ്പോസിറ്റായി അധികം നല്‍കണം. ഉപയോഗത്തിന് ശേഷം ഈ കുപ്പി ഏതൊരു ബെവ്‌കോ അല്ലെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റില്‍ തിരികെ നല്‍കിയാലും നല്‍കിയ 20 രൂപ ഉടന്‍ തിരികെ ലഭിക്കും. പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളില്‍ കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ പരീക്ഷണത്തില്‍ 33 ലക്ഷത്തിലധികം കുപ്പികളാണ് തിരിച്ചെത്തിയത്. ഇതിലൂടെ ഏകദേശം 80 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ സാധിച്ചു. തിരുവനന്തപുരത്തെ മുക്കോല, കണ്ണൂരിലെ പയ്യന്നൂര്‍ ഔട്ട്ലെറ്റുകളാണ് കുപ്പികള്‍ ശേഖരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

ശേഖരിക്കുന്ന കുപ്പികള്‍ സര്‍ക്കാര്‍ ഏജന്‍സിയായ ക്ലീന്‍ കേരള കമ്പനി വഴിയാണ് പുനര്‍സംസ്‌കരിക്കുക. നിലവില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് മാത്രമുള്ള ഈ പദ്ധതി ഭാവിയില്‍ ചില്ലുകുപ്പികള്‍ക്കും ബാധകമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ഈ നീക്കം വലിയ രീതിയില്‍ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.