സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ

Jaihind News Bureau
Saturday, March 14, 2020

കോഴിക്കോട്‌: സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. കടകൾ അടച്ചിടാൻ സർക്കാർ നിർദേശിച്ചിട്ടില്ലെന്നും സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത നടപടികളിലേക്ക് കടക്കുമ്പോഴും മദ്യവിൽപനശാലകൾ അടച്ചിടാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാരിന്‍റെ ഈ സമീപനം പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

സംസ്ഥാന നിയമസഭാസമ്മേളനം ചേരുന്നതുപോലും ഉപേക്ഷിക്കുന്നതരത്തിലുള്ള കടുത്ത നടപടി സ്വീകരിച്ച മുഖ്യമന്ത്രി മദ്യശാലകളും മദ്യവില്പന കേന്ദ്രങ്ങളും സർവ്വതന്ത്ര സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൽ അപകടം കാണാതെ പോകുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഇതര മേഖലകളിൽ സ്വീകരിച്ച നടപടികൾ നിർബന്ധമായും മദ്യമേഖലയ്ക്കും ബാധകമാക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെടുന്നു. ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി എന്നിവർക്കും കത്തിന്‍റെ പകർപ്പ് നൽകിയിട്ടുണ്ട്.