ബെവ്കോ 21 ദിവസത്തേക്ക് അടച്ചിടും; കള്ളുഷാപ്പുകളും തുറക്കില്ല ; ഓണ്‍ലൈന്‍ മദ്യവില്‍പന ആലോചനയില്‍

 

തിരുവനന്തപുരം : കൊവിഡ് ഭീഷണിയെ തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനം. കള്ളുഷാപ്പുകളും ഇന്നുമുതല്‍ അടച്ചിടാന്‍ തീരുമാനമായി. 21 ദിവസത്തേക്ക് ഇനി ബെവ്കോ ഔട്ട് ലെറ്റുകൾ തുറക്കേണ്ടെന്ന് എം.ഡി സ്പർജന്‍ കുമാർ നിർദേശം നല്‍കി. തീരുമാനം. അതേസമയം മദ്യം ഓണ്‍ലൈനായി വില്‍ക്കുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കും.

ബാറില്‍ കൗണ്ടറുകള്‍ തുറക്കാനുള്ള നീക്കവും ഉപേക്ഷിച്ചു. കള്ള് ഷാപ്പുകളും ഇന്ന് മുതൽ തുറക്കില്ല. കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷന്‍റേതാണ് തീരുമാനം. ഇതോടെ സംസ്ഥാനം പരോക്ഷമായിട്ടെങ്കിലും സമ്പൂർണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ വ്യാജമദ്യമൊഴുകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ്  മദ്യം ഓൺലൈൻ വഴി വിൽക്കുന്നതിന്‍റെ സാധ്യതകള്‍ തേടുന്നത്.

കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയപ്പോഴും ബെവ്കോയെ തൊടാന്‍ സർക്കാര്‍ കൂട്ടാക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയിരുന്നത്. നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഇതൊന്നും പ്രായോഗികമായിരുന്നില്ല. ബിവറേജസുകളുടെ മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇന്നലെ അർധരാത്രിയോടെ ഇന്ത്യയൊട്ടാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ബെവ്കോയും അടച്ചിടാന്‍ സർക്കാർ നിർബന്ധിതമായത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിസഭായോഗമാകും.

Comments (0)
Add Comment