‘ബെവ് ക്യു’: പരാതിപ്രളയത്തിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഫെയര്‍കോഡ് ഉടമകള്‍; ഓഫീസ് അകത്തുനിന്നും പൂട്ടി; ഫേസ്ബുക്ക് പോസ്റ്റുകളും പിന്‍വലിച്ചു

Jaihind News Bureau
Friday, May 29, 2020

സംസ്ഥാനത്ത് മദ്യം ഓണ്‍ലൈനില്‍ വില്‍ക്കുന്നതിനായി തയ്യാറാക്കിയ ‘ബെവ് ക്യു’ ആപ്പിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതിനുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഫെയര്‍കോഡ് ടെക്‌നോളജീസ് അധികൃതര്‍.  ജീവനക്കാര്‍ ഓഫീസില്‍ എത്തുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇളംങ്കുളം ചെലവന്നൂര്‍ റോഡിലാണ് ഫെയര്‍കോഡിന്റെ ഓഫീസ്. ജോലിക്കെത്തുന്ന  ജീവനക്കാരാകട്ടെ ഓഫീസ് അകത്തുനിന്നും പൂട്ടിയാണ് ജോലി ചെയ്യുന്നത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് നിര്‍ദേശമുള്ളതായും ജീവനക്കാരില്‍ ഒരാള്‍ അറിയിച്ചു.

മാത്രമല്ല ആപ്പുമായി ബന്ധപ്പെട്ട് മേയ് 16നു ശേഷം ഫെയര്‍കോഡ് കമ്പനി ഇട്ട പോസ്റ്റുകളെല്ലാം ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ആപ് സംബന്ധിച്ച് ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ നേരത്തെ ഫെയ്‌സ്ബുക്ക് പേജിലൂടെ മറുപടി നല്‍കിയിരുന്നു. ഇതെല്ലാം പൂര്‍ണമായും നീക്കം ചെയ്തു. വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പടെ ആരും ഫോണെടുക്കാനോ പ്രതികരിക്കാനോ തയാറായിട്ടില്ല.