BJP | ‘ബേട്ടി ബച്ചാവോ ‘ മുദ്രാവാക്യം പെണ്‍മക്കള്‍ക്ക്…സംരക്ഷണം വേട്ടക്കാര്‍ക്ക് !! ബിജെപിയുടെ ധാര്‍മ്മികത കാപട്യം

Jaihind News Bureau
Monday, August 25, 2025

ന്യൂഡല്‍ഹി: ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ (പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ) എന്ന മുദ്രാവാക്യം രാജ്യമെമ്പാടും മുഴക്കുമ്പോള്‍ തന്നെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വന്തം പാര്‍ട്ടിയുടെ അതികായനായ നേതാവിനെ സംരക്ഷിക്കാന്‍ ഭരണകൂട സംവിധാനങ്ങളെയാകെ ഉപയോഗിക്കുന്ന ലജ്ജാകരമായ കാഴ്ചയാണ് കര്‍ണാടകയില്‍ കാണുന്നത്. മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്. യെദ്യൂരപ്പയ്ക്കെതിരായ പോക്‌സോ കേസ്, സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള ഞെട്ടിക്കുന്ന അന്തരത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഇവരൊക്കയാണ് ധാര്‍മ്മികതയുടെ വലിയ അവകാശ വാദങ്ങള്‍ഉയര്‍ത്തുന്നത്.

യെദ്യൂരപ്പ: അധികാരത്തിന്റെ തണലില്‍ പോക്‌സോ പ്രതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന അമ്മയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടും, യെദ്യൂരപ്പയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ കര്‍ണാടകയിലെ പോലീസ് സംവിധാനം മാസങ്ങളോളം വൈമുഖ്യം കാട്ടി. അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച നേതാവ്, ചോദ്യം ചെയ്യലിന് എത്തിയില്ല. പിന്നീട് കോടതി ശക്തമായ നിലപാടെടുത്ത് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതും നാടകീയ സംഭവങ്ങളായിരുന്നു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാള്‍ പോക്‌സോ കേസില്‍ പ്രതിയാകുമ്പോള്‍ നിയമം അതിന്റെ സ്വാഭാവിക വഴിക്കുപോലും നീങ്ങാത്തത്, ബിജെപി ഭരണത്തില്‍ നീതി എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ്. ‘ബേട്ടി ബച്ചാവോ’ എന്ന മുദ്രാവാക്യം കേവലം ഒരു രാഷ്ട്രീയ തട്ടിപ്പാണെന്ന് ഈ സംഭവം അടിവരയിടുന്നു.

ബ്രിജ് ഭൂഷണ്‍: രാജ്യത്തിന്റെ അഭിമാനം തെരുവില്‍, എംപി സുരക്ഷിതന്‍

യെദ്യൂരപ്പയുടെ സംഭവം ഒറ്റപ്പെട്ടതല്ല, മറിച്ച് ബിജെപിയുടെ സ്ഥിരം ശൈലിയുടെ തുടര്‍ച്ച മാത്രമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയപ്പോള്‍, ബിജെപിയുടെ കരുത്തനായ എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യം കണ്ടതാണ്. മാസങ്ങളോളം രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങള്‍ക്ക് നീതിക്കായി തെരുവില്‍ സമരം ചെയ്യേണ്ടി വന്നു. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിന് ശേഷം മാത്രം കേസെടുക്കാന്‍ തയ്യാറായ പോലീസ്, ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. ഇരകളെ തെരുവില്‍ വലിച്ചിഴച്ചപ്പോള്‍, വേട്ടക്കാരന്‍ അധികാരത്തിന്റെ തണലില്‍ സുരക്ഷിതനായി തുടര്‍ന്നു.

ഹത്രാസും ബില്‍ക്കിസ് ബാനുവും: നീതിയുടെ നിഷേധം

ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയപ്പോള്‍, യുപിയിലെ ബിജെപി സര്‍ക്കാര്‍ മൃതദേഹം പോലും കുടുംബത്തിന് വിട്ടുകൊടുക്കാതെ അര്‍ദ്ധരാത്രിയില്‍ കത്തിച്ചുകളഞ്ഞു. ബില്‍ക്കിസ് ബാനു കേസിലെ ബലാത്സംഗക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ അനുമതി നല്‍കിയ ബിജെപി സര്‍ക്കാരുകള്‍, ജയില്‍ മോചിതരായ അവരെ മാലയിട്ട് സ്വീകരിച്ചതിലൂടെ സ്വന്തം നിലപാട് എന്തെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു.

ഈ സംഭവങ്ങളെല്ലാം ചില അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു: വനിതാ മുദ്രാവാക്യങ്ങള്‍ ആര്‍ക്ക് വേണ്ടി? ‘ബേട്ടി ബച്ചാവോ’ പോലുള്ള മുദ്രാവാക്യങ്ങള്‍ ബിജെപി നേതാക്കളുടെ കാര്യത്തില്‍ ഈ മുദ്രാവാക്യങ്ങള്‍ ബാധകമല്ലാത്തത് എന്തുകൊണ്ട്?

നിയമം എല്ലാവര്‍ക്കും ഒന്നല്ലേ? പോക്‌സോ പോലുള്ള കര്‍ശന നിയമങ്ങള്‍ യെദ്യൂരപ്പയ്ക്കും ബ്രിജ് ഭൂഷനും ബാധകമല്ലാത്തത് എന്തുകൊണ്ടാണ്? നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാ തത്വം ബിജെപി അംഗീകരിക്കുന്നില്ലേ?

ധാര്‍മ്മികതയുടെ മാനദണ്ഡം? ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളായവരെ സംരക്ഷിക്കുകയും ഉന്നത സ്ഥാനങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെ എന്ത് ധാര്‍മ്മിക സന്ദേശമാണ് ബിജെപി സമൂഹത്തിന് നല്‍കുന്നത്?

കടലാസിലെ നിയമങ്ങളോ ആകര്‍ഷകമായ മുദ്രാവാക്യങ്ങളോ അല്ല, മറിച്ച് ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിലാണ് ഒരു ഭരണകൂടത്തിന്റെ സ്ത്രീപക്ഷ നിലപാട് പ്രതിഫലിക്കുന്നത്. ഈ പരീക്ഷയില്‍, യെദ്യൂരപ്പയുടെ കേസോടെ ബിജെപി വീണ്ടും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.