വിനയ് ഫോര്‍ട്ടിന്‍റെ എസ്.ഐ ജോഷ്വയെ അവതരിപ്പിച്ച് ബര്‍മുഡയുടെ മോഷന്‍ പോസ്റ്റര്‍

Jaihind Webdesk
Friday, June 11, 2021

ഷെയ്ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബർമുഡ’യുടെ മോഷൻ പോസ്റ്റർ എത്തി. ഫസ്റ്റ് ലുക്കിൽ ഷെയ്‍നിന്‍റെ നായക കഥാപാത്രം ആയിരുന്നെങ്കിൽ ഇപ്പോള്‍ പുറത്തിറക്കിയ മോഷൻ പോസ്റ്ററിൽ വിനയ് ഫോർട്ടിന്‍റെ ‘എസ് ഐ ജോഷ്വ’യെ ആണ് അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ അക്കാമ സ്റ്റാലിൻ പത്രോസ് ഗാന്ധി എന്ന സീരിയലിന്‍റെ രചനയ്ക്ക് മികച്ച ആക്ഷേപഹാസ്യത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍റേതുള്‍പ്പെടെ നിരവധി ഷോകള്‍ക്കും കൃഷ്ണദാസ് സ്ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഇവര്‍ക്ക് പുറമെ ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൊക്കേഷന്‍ തിരുവനന്തപുരമാണ്. മണി രത്നത്തിന്‍റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതവും നിര്‍വഹിക്കുന്നു. കോസ്റ്റ്യൂം ഡിസൈനര്‍ – സമീറ സനീഷ്, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കെ രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍ – അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ – നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ – പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് – ഹരി തിരുമല എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.