‘തിരുത്തിയേ മതിയാകൂ’; സിപിഎമ്മിനെതിരായ വിമർശനങ്ങളിലുറച്ച് ബിനോയ് വിശ്വം

Jaihind Webdesk
Sunday, June 30, 2024

 

ന്യൂഡല്‍ഹി: സിപിഎമ്മിനെതിരായ വിമര്‍ശനങ്ങളിലുറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍നിന്നുള്ള സ്വര്‍ണ്ണം പൊട്ടിക്കലിന്‍റെയും അധോലോക അഴിഞ്ഞാട്ടത്തിന്‍റെയും കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്നായിരുന്നു ബിനോയ് വിശ്വം പത്രക്കുറിപ്പിലൂടെ പറഞ്ഞത്.

ചെങ്കൊടിത്തണലില്‍ അധോലോക സംസ്‌കാരം വളരാന്‍ പാടില്ലെന്ന നിലപാട് സിപിഐക്കുണ്ടെന്നും സിപിഎമ്മിനും ആ നിലപാട് വേണമെന്നും ബിനോയ് വിശ്വം ആവർത്തിച്ചു. എല്‍ഡിഎഫ് ശക്തിപ്പെട്ടേ തീരൂ. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് മുന്നോട്ടുപോയേ മതിയാകൂ. തന്‍റെ പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനമല്ലെന്നും ഏറ്റവും സൗമ്യമായതും ഉചിതമായതുമായ ഭാഷയിലാണെന്നും ബിനോയ് വിശ്വം ഡല്‍ഹിയില്‍ പറഞ്ഞു.

ബിനോയ് വിശ്വത്തിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന:

കണ്ണൂരിൽനിന്നുള്ള വാർത്തകൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്‍റെയും കരിവള്ളൂരിന്‍റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെനിന്ന് സ്വർണ്ണം പൊട്ടിക്കുന്നതിന്‍റെയും അധോലോക അഴിഞ്ഞാട്ടത്തിന്‍റെയും കഥകൾ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണ്.

സാമൂഹികമാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്‍റെ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്‍റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്‍റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കുംചെറുതല്ല. ഇടതുപക്ഷം അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്.

അവരിൽനിന്ന് ബോധപൂർവം അകൽച്ച പാലിച്ചേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാനാകൂ. ചീത്തപ്പണത്തിന്‍റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ എന്നും മാനിക്കും.