അങ്കമാലി : ചാലക്കുടി പാർലമെന്റ് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ ഓഡിയോ ലോഞ്ച് അങ്കമാലി എംഎൽഎ റോജി എം ജോണും ആലുവ എംഎൽഎ അൻവർ സദത്തും ചേർന്ന് നിർവ്വഹിച്ചു. ആർ കെ ധാമോദരൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബി പി നായരമ്പലമാണ്. പ്രശസ്ത പിന്നണി ഗായകൻ അഫ്സലാണ് ഗാനം ആലപിച്ചിരിക്കുന്നത്.
രമേശ് മുരളി, ജോമോൻ, പവിത്ര, ജാൻവി, സാറ തുടങ്ങിയവർ ചേർന്നാണ് ഗാനത്തിന്റെ കോറസ്സ് പാടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ എംപി എന്ന നിലയിൽ ബെന്നി ബഹനാൻ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ഗാനത്തിന്റെ വരികളിൽ ചേർത്തിട്ടുള്ളത്. അങ്കമാലിയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി ജെ ജോയ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഡിസിസി സെക്രട്ടറിമാരായ കെ പി ബേബി, പി പി സുനീർ, യുഡിഫ് അങ്കമാലി നിയോജകമണ്ഡലം കൺവീനവർ ടി എം വർഗീസ്, സാംസങ് ചാക്കോ, ജോർജ് സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.