മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന് ഫൈസല്‍ ഫരീദുമായും ബന്ധം, പുതിയ ഐ.ടി സെക്രട്ടറിയുടെ നിയമനം ക്യാബിനറ്റിനെ അറിയിച്ചില്ല: ബെന്നി ബെഹനാന്‍

Jaihind News Bureau
Thursday, July 16, 2020

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തില്‍ അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കുരുക്കിലേക്കെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ശിവശങ്കറിന്‍റെ ആവശ്യപ്രകാരം ഫ്ലാറ്റ് തരപ്പെടുത്തി നല്‍കിയ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന് ഫൈസല്‍ ഫരീദുമായും ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫൈസലിന്‍റെ ബിസിനസിൽ അരുൺ മുതൽ മുടക്കി. മുഖ്യമന്ത്രിയുടെ ലീഗൽ അഡ്വൈസർ ജയകുമാറും കള്ളക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് നിൽക്കുന്നു. വിവാദമായ കേസന്വേഷണം വന്നിട്ടും മുഖ്യമന്ത്രി ക്യാബിനറ്റ് യോഗത്തിൽ ഒരക്ഷരം മിണ്ടിയില്ല. കാബിനറ്റിൽ പുതിയ ഐടി സെക്രട്ടറിയുടെ നിയമനത്തിന്‍റെ  കാര്യം ക്യാബിനറ്റില്‍ വന്നിട്ടില്ല.  മുഖ്യമന്ത്രി ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചാൽ ശിവശങ്കറിനെതിരെ നടപടി എടുക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രിയുടെ വാദം ബാലിശമാണ്. സ്പ്രിംഗളർ ഇടപാട് വന്നപ്പോൾ ശിവശങ്കറിനെ മുഖ്യമന്ത്രി വെള്ളപൂശി. കള്ളക്കടത്തിന്‍റെ മുഖ്യകണ്ണി മുഖ്യമന്ത്രിയുടെ ഓഫീസാണ്.  അതുകൊണ്ടാണ് ശിവശങ്കറിനെതിരെ നടപടി എടുക്കാത്തത്. ശിവശങ്കർ സിവിൽ സർവീസ് ചട്ടലംഘനമാണ് നടത്തിയത്. 1969 ലെ സിവിൽ സർവീസ് ചട്ടം അനുസരിച്ച് സർവീസ് ചട്ടലംഘനത്തിന് നടപടി എടുക്കാം. ശിവശ ശങ്കർ തന്നെ സ്വപ്നയെ ഫോണിൽ ബന്ധപ്പെട്ടതായി സമ്മതിച്ചിട്ടുണ്ട്.

മന്ത്രി ജലീൽ കോൾ ലിസ്റ്റ് പുറത്ത് വന്നപ്പോൾ നിസാരവത്കരിച്ചു. യു.എ.ഇ കോൺസലിൽ നിന്നും സ്വപ്നയെ നീക്കിയത് മന്ത്രിക്ക് അറിയില്ല എന്ന വാദം തെറ്റാണ്.  കോൺസുലേറ്റിൽ നിന്നും അറിയിക്കേണ്ടത് മന്ത്രിയെ അല്ല. എംബസി കൊടുക്കുന്ന കിറ്റ് സി പി എം ഓഫീസിൽ നിന്നാണ് വിതരണം ചെയ്തത്. എല്ലാത്തിനും മുഖ്യമന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മുഖ്യമന്ത്രിക്ക് വ്യക്തമായ മറുപടിയില്ല. ശിവശങ്കറിനെ ചോദ്യം ചെയ്തത് തന്നെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമാണ്. ശിവശങ്കർ ഐ ടി വകുപ്പിന്‍റെ തലവനായി നിൽക്കുേമ്പോഴാണ് പിൻ വാതിൽ നിയമനവും തട്ടിപ്പും നടക്കുന്നത്. ഇമ്മോറൽ ട്രാഫിക്ക് വകുപ്പായി ഐ ടി വകുപ്പിനെ ശിവശങ്കർ മാറ്റി. ശിവശങ്കറിനെതിരെ നടപടി എടുക്കാത്തത് മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. യുഡിഎഫ് നടത്താനിരുന്ന സമരം  കോടതി വിധിയും കൊവിഡ് വ്യാപനത്തെയും തുടര്‍ന്ന് ഈ മാസം 31 വരെ മാറ്റിവെച്ചുവെന്നും ബെന്നി ബെഹനാന്‍ അറിയിച്ചു.