പ്രവാസികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ മാത്രം; സർക്കാർ നടപടി സ്ഫോടനാത്മക സാഹചര്യം സൃഷ്ടിക്കുമെന്ന് ബെന്നി ബെഹനാൻ എം പി

Jaihind News Bureau
Tuesday, June 9, 2020

 

പ്രവാസികൾക്കടക്കം ഹോം ക്വാറന്‍റൈന്‍ മാത്രമാക്കിയ സർക്കാർ നടപടി സ്ഫോടനാത്മക സാഹചര്യം സൃഷ്ടിക്കുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം പി. രണ്ട് ലക്ഷം പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന്‍ സൗകര്യം ഏർപ്പെടുത്തിയെന്ന് സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഡിഎഫ് കൺവീനർ കൊച്ചിയിൽ പറഞ്ഞു.

ഇതിനകം  49,000 പ്രവാസികൾ നാട്ടിലെത്തിയെന്നാണ് സർക്കാർ പറയുന്നത്. ഇതിൽ 26% വരുന്ന 11,000 ത്തോളം പ്രവാസികളെ മാത്രമാണ് സർക്കാർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന്‍ ചെയ്തത്. ഇവിടെ കഴിഞ്ഞ പ്രവാസികളിൽ 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ 75% ത്തോളം വരുന്ന വലിയ വിഭാഗം വീടുകളിൽ നിരീക്ഷണത്തിലായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികൾക്കും, മറ്റ് സംസ്ഥാനങ്ങളിലെ ഹോട്സ്പോട്ട് കേന്ദ്രങ്ങളിൽ നിന്നും വരുന്നവർക്കും വീട്ടിൽ ക്വാറന്‍റൈന്‍ മാത്രമാക്കിയ സർക്കാർ നടപടി വിവാദമാകുന്നത്. സർക്കാർ തീരുമാനം സ്ഫോടനാത്മക സാഹചര്യം സൃഷ്ടിക്കുമെന്ന് യുഡിഎഫ് ഭയപ്പെടുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലേക്ക് മാറ്റണമെന്ന് ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. 2 ലക്ഷം പേർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന്‍ സൗകര്യമുണ്ടെന്നവകാശപ്പെട്ട മുഖ്യമന്ത്രി, 11,000 പേർക്ക് മാത്രമാണ് ഇതുവരെ സൗകര്യമൊരുക്കിയത്. സർക്കാർ ഈ പോരാട്ടത്തിൽ തോറ്റ് പിൻമാറിയിരിക്കുന്നുവെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടി സ്വീകരിക്കുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.