‘ഒപ്പമുണ്ട് എംപി’; നിരവധി പേർക്ക് ആശ്വാസമായി ബെന്നി ബഹനാന്‍ എംപിയുടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

Jaihind Webdesk
Sunday, November 27, 2022

കൊച്ചി: ബെന്നി ബഹനാൻ എംപിയുടെ ‘ഒപ്പമുണ്ട് എംപി’ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. പ്രമുഖ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. അങ്കമാലി അഡ്‌ലക്‌സ്‌ കൺവെൻഷൻ സെന്‍ററിലാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നത്. രാവിലെ 9 മണിക്ക് പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം നിലവിളക്ക് തെളിയിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എംപി ആമുഖ പ്രസംഗം നടത്തി.

എറണാകുളം ജില്ലയിലെ പ്രമുഖ ആശുപത്രികളും അവരുടെ മെഡിക്കൽ സംഘാഗങ്ങളും ക്യാമ്പിൽ പങ്കാളികളായി. 4762 രോഗികളെ ക്യാമ്പിൽ പരിശോധിച്ചു. ഇതിൽ 100 സിടി സ്കാൻ, 120 എംആർഐ സ്കാൻ, 200  ഇസിജി, സർജറികൾക്ക് വേണ്ടി 200 പേരെയും രജിസ്റ്റർ ചെയ്ത് തീയതി കൊടുത്തു. കൂടാതെ 200 പേർക്ക് കണ്ണട സൗജന്യമായി ലഭ്യമാക്കി, 120 പേർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കും. 200 പേരുടെ രക്തം പരിശോധിച്ചു, 140 പേരുടെ എക്സ്റേ പരിശോധനയും നടത്തി.

രക്ത പരിശോധനാ ഫലം രോഗിയുടെ വാട്സാപ്പ് നമ്പർ വഴിയോ എംപി ഓഫീസ് മുഖേനയോ ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കും. തുടർ ചികിത്സയ്ക്ക് വേണ്ടി റജിസ്റ്റർ ചെയ്തവർക്ക് എം പി ഓഫീസ് വഴി ഇതിനായി വിവിധ ആശുപത്രികളിലേക്ക് എത്തുന്നതിനുള്ള അറിയിപ്പ് ലഭിക്കുന്നതായിരിക്കുമെന്ന് ബെന്നി ബെഹന്നാൻ എംപി അറിയിച്ചു.

ചടങ്ങിൽ എംഎൽഎമാരായ റോജി എം ജോൺ, അൻവർ സാദത്ത്, ടി.ജെ സനീഷ്കുമാർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ബ്രാഞ്ച് പ്രസിഡന്‍റ് ഡ.  ശ്രീനിവാസ കമ്മത്ത്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ബ്രാഞ്ച് മുൻ പ്രസിഡന്‍റും ക്യാമ്പ് കോ -ഓർഡിനേറ്ററുമായ ഡോ. ജുനൈദ് റഹ്മാൻ, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. ജോർജ്, തുടങ്ങി നിരവധി പേർ പങ്കാളികളായി.