Bengaluru Metro Rail | ബംഗലൂരുവില്‍ ‘നമ്മ മെട്രോ’ യെല്ലോ ലൈന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഫണ്ടു തരാത്ത കേന്ദ്രത്തിന്റെ നടപടി ‘ക്രെഡിറ്റ് മോഷണ’മെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, August 10, 2025

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസം പകരുന്ന ‘നമ്മ മെട്രോ’യുടെ രണ്ടാം ഘട്ടത്തിലെ യെല്ലോ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എന്നാല്‍, പദ്ധതിയുടെ ഖ്യാതി തട്ടിയെടുക്കുന്ന ബിജെപിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസ്  കോണ്‍ഗ്രസ് ‘ക്രെഡിറ്റ് മോഷണം’ – Credit Chori എന്ന പേരില്‍ ശക്തമായ പ്രചാരണം ആരംഭിച്ചു. യെല്ലോ ലൈന്‍ പദ്ധതിയുടെ ബഹുമതി സ്വന്തമാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും, കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി ബെംഗളൂരുവിനെ അവഗണിക്കുകയും ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തുവെന്നും കര്‍ണ്ണാടക മന്ത്രിമാര്‍ ആരോപിച്ചു.

ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കേന്ദ്രം ബെംഗളൂരുവിനെ അവഗണിക്കുകയാണെന്നും ഒരു ദേശീയ തലസ്ഥാനത്തിന് നല്‍കേണ്ട പരിഗണന നഗരത്തിന് നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ‘ഞങ്ങള്‍ക്ക് മതിയായ ഫണ്ട് ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെയോ പാര്‍ട്ടിയുടെയോ പേരില്‍ മാത്രമാണ് ബിജെപി എംപിമാരും എംഎല്‍എമാരും വോട്ട് നേടുന്നത്,’ അദ്ദേഹം പറഞ്ഞു.

മന്ത്രി പ്രിയങ്ക് ഖാര്‍ഗെയാണ് ആരോപണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ‘യെല്ലോ ലൈന്‍ മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വോട്ട് മോഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ഇപ്പോള്‍ ക്രെഡിറ്റ് മോഷണത്തിന് ശ്രമിക്കുകയാണ്. ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ആരംഭിച്ച പദ്ധതിക്ക് തുടക്കത്തില്‍ കേന്ദ്രമായിരുന്നു കൂടുതല്‍ വിഹിതം നല്‍കിയിരുന്നത്. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം കേന്ദ്ര സഹായം ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. ‘കര്‍ണാടക സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 12,000 കോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് തുച്ഛമായ 8,000 കോടി രൂപ മാത്രമാണ്. ഇത് ബാക്കി തുക കണ്ടെത്താന്‍ ബിഎംആര്‍സിഎല്ലിനെ വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാക്കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പാതയും മൂന്നാം ഘട്ടവും

ആര്‍.വി റോഡ് (രാഗിഗുഡ്ഡ) മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള യെല്ലോ ലൈന്‍ 16 സ്റ്റേഷനുകളുമായി നഗരത്തിന്റെ മെട്രോ ശൃംഖല വിപുലീകരിക്കുന്നു. ഏകദേശം 7,160 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. പുതിയ പാതയുടെ വരവോടെ ബെംഗളൂരുവിലെ മെട്രോ ശൃംഖല 96 കിലോമീറ്ററായി ഉയര്‍ന്നു. ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, ഇലക്ട്രോണിക്‌സ് സിറ്റി തുടങ്ങിയ പ്രധാന ഇടനാഴികളിലെ ഗതാഗതക്കുരുക്കിന് ഇത് വലിയ ആശ്വാസമാകും.

ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ഇലക്ട്രോണിക് സിറ്റി സ്റ്റേഷനിലേക്ക് മെട്രോയില്‍ യാത്ര ചെയ്യുകയും, മെട്രോയുടെ മൂന്നാം ഘട്ടമായ ഓറഞ്ച് ലൈനിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. 44 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള മൂന്നാം ഘട്ടത്തിന് 15,611 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.