Ayarkunnam Murder | ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍; നാടുവിടാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശി ഭര്‍ത്താവ് കസ്റ്റഡിയില്‍

Jaihind News Bureau
Sunday, October 19, 2025

കോട്ടയം : അയര്‍കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിട്ടതായി സൂചന. പശ്ചിമബംഗാള്‍ സ്വദേശിനി അല്‍പനയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അല്‍പനയുടെ ഭര്‍ത്താവും നിര്‍മ്മാണത്തൊഴിലാളിയുമായ ബംഗാള്‍ സ്വദേശി സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടുദിവസമായി ഭാര്യ അല്‍പ്പാനയെ കാണാനില്ലെന്ന് സോണി അയര്‍കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, മൊഴി രേഖപ്പെടുത്താനായി സോണിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍, സോണി സ്റ്റേഷനില്‍ ഹാജരാകാതെ സ്വന്തം നാട്ടിലേക്ക് കടക്കാന്‍ എറണാകുളത്തെത്തി. സോണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത സോണിയെ അയര്‍കുന്നം പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വെളിപ്പെടുത്തിയതെന്നാണ് സൂചന.

ദമ്പതികള്‍ താമസിച്ചിരുന്ന വീടിന് സമീപം, നിര്‍മ്മാണത്തിലിരുന്ന മറ്റൊരു വീടിന്റെ പറമ്പിലാണ് ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ടതെന്ന് സോണി പോലീസിനോട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന്, പ്രതി പറഞ്ഞ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കുഴിച്ചെടുത്തു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സോണി മൃതദേഹം വീടിന് സമീപം ഒളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.