CPM Letter| കേരള ഘടകത്തെ പിടിച്ചുലച്ച് ‘ബിനാമി’ വിവാദം; മിണ്ടാട്ടം മുട്ടി ഗോവിന്ദന്‍; നേതാക്കൾ പ്രതിരോധത്തിൽ

Jaihind News Bureau
Monday, August 18, 2025

തിരുവനന്തപുരം: സിപിഎം കേരള ഘടകത്തെ അതീവ ഗുരുതരമായ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട്, പാർട്ടിയുടെ ഉന്നത നേതാക്കൾക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളും അതിനെത്തുടർന്നുണ്ടായ കത്ത് ചോർച്ചാ വിവാദവും പുതിയ തലങ്ങളിലേക്ക്. പ്രവാസി വ്യവസായിയായ രാജേഷ് കൃഷ്ണ, പാർട്ടിയുടെ മുതിർന്ന നേതാക്കളായ മന്ത്രി എം.ബി. രാജേഷ്, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ ധനമന്ത്രി തോമസ് ഐസക്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ മകൻ ശ്യാം ഗോവിന്ദൻ എന്നിവരുടെ ബിനാമിയാണെന്ന് ആരോപിക്കുന്ന പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടിക്കുള്ളിലെ പ്രതിസന്ധി രൂക്ഷമായത്.

ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി മുഹമ്മദ് ഷെർഷാദ് വർഷങ്ങൾക്ക് മുൻപ് പാർട്ടി കേന്ദ്ര നേതൃത്വത്തിനും പൊലീസിനും നൽകിയ പരാതിയാണ് ഇപ്പോൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജേഷ് കൃഷ്ണ, നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നാണ് ഷെർഷാദിന്റെ പ്രധാന ആരോപണം. കിംഗ്ഡം എന്ന പേരിൽ ഒരു സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിൽ ഈ നേതാക്കൾക്ക് നിക്ഷേപമുണ്ടെന്നും ഷെർഷാദ് തൻ്റെ പരാതിയിൽ ഉന്നയിക്കുന്നു.

പാർട്ടിയുടെ പോളിറ്റ് ബ്യൂറോയ്ക്ക് മാത്രം നൽകിയ അതീവ രഹസ്യ സ്വഭാവമുള്ള പരാതിയുടെ പകർപ്പ്, രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഒരു മാനനഷ്ടക്കേസിൽ തെളിവായി എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. താൻ പാർട്ടിക്ക് നൽകിയ പരാതി എങ്ങനെ ആരോപണവിധേയനായ വ്യക്തിയുടെ കയ്യിലെത്തി എന്ന് ചോദിച്ച് ഷെർഷാദ് വീണ്ടും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പരാതി നൽകി. ഈ കത്ത് ചോർത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ മകനായ ശ്യാം ആണെന്ന് ഷെർഷാദ് സംശയം പ്രകടിപ്പിച്ചതോടെ, വിവാദം പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെയും അധികാര വടംവലികളുടെയും തലത്തിലേക്ക് വളർന്നു.

ഷെർഷാദിൻ്റെ ആരോപണമനുസരിച്ച്, എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാകുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിന്റെ മകനും രാജേഷ് കൃഷ്ണയും തമ്മിൽ അടുത്ത സൗഹൃദവും സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ കാലത്ത് പരാതിയെ തുടർന്ന് പാർട്ടിയിൽ നിന്ന് അകറ്റി നിർത്തിയിരുന്ന രാജേഷ് കൃഷ്ണ, എം.വി. ഗോവിന്ദൻ സെക്രട്ടറിയായതിന് ശേഷം പാർട്ടിയിലേക്ക് ശക്തമായി തിരിച്ചുവന്നുവെന്നും ഷെർഷാദ് ആരോപിക്കുന്നു.

അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വിഷയത്തിൽ പ്രതികരിക്കാൻ ആരോപണവിധേയരായ നേതാക്കളോ പാർട്ടിയുടെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ടെങ്കിലും, ഈ വിഷയം അജണ്ടയിൽ ഇല്ലെന്നാണ് കേന്ദ്ര നേതാക്കളുടെ വിശദീകരണം. ഈ മൗനം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുകയും, ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന പ്രതീതി പൊതുസമൂഹത്തിൽ ജനിപ്പിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, രാജേഷ് കൃഷ്ണയ്ക്ക് വേണ്ടി ഇടപെട്ടുവെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതി തള്ളിക്കളഞ്ഞെന്നും ഷെർഷാദ് ആരോപിക്കുന്നുണ്ട്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെ വിവാദമുണ്ടാക്കി റദ്ദാക്കിയ ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ടും രാജേഷ് കൃഷ്ണയ്ക്കെതിരെ ആരോപണങ്ങളുണ്ട്. ഇഎംസിസിയുമായുള്ള കരാറുകൾക്ക് പിന്നിൽ രാജേഷ് കൃഷ്ണയുടെ ഇടപെടലുകൾ ഉണ്ടായിരുന്നോ എന്ന സംശയവും ബലപ്പെടുകയാണ്. ലണ്ടൻ ആസ്ഥാനമായുള്ള കടലാസ് കമ്പനികളുമായി ചേർന്ന് സർക്കാർ പദ്ധതികളിൽ നിന്ന് പണം തട്ടിയെന്നും ഈ പണം കൺസൾട്ടൻസി ഫീസ് എന്ന വ്യാജേന നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിയെന്നും പരാതിയിൽ പറയുന്നു. ഈ ഇടപാടുകളിൽ വിദേശനാണ്യ വിനിമയ ചട്ടം ലംഘിക്കപ്പെട്ടുവെന്ന സംശയത്തെ തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

പാർട്ടിയുടെ സുതാര്യതയും ധാർമ്മികതയും ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യം, കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. നേതാക്കളുടെ മക്കൾ ഉൾപ്പെടുന്ന വിവാദങ്ങൾ മുമ്പും സിപിഎമ്മിനെ വേട്ടയാടിയിട്ടുണ്ട്. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരായ ലഹരിമരുന്ന് ഇടപാട് കേസ് പാർട്ടിയെ പിടിച്ചുലച്ചിരുന്നു. ഇപ്പോൾ, സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ തന്നെ പരാതിക്കാരൻ സംശയമുന നീട്ടുമ്പോൾ, പാർട്ടിക്ക് അതിൽ നിന്ന് എളുപ്പത്തിൽ മുഖം രക്ഷിക്കാനാവില്ല.

പ്രതിപക്ഷം ഈ വിഷയത്തെ സർക്കാരിനും സിപിഎമ്മിനും എതിരായ ശക്തമായ ആയുധമാക്കി മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിഞ്ഞ് വിശദീകരണം നൽകണമെന്നും, ആരോപണവിധേയരായ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. 

ഈ ‘കത്ത് ബോംബ്’ സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ പൊട്ടിത്തെറികൾക്ക് കാരണമായേക്കാം. വിഭാഗീയതയും വ്യക്തി താല്പര്യങ്ങളും പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നു എന്നതിന്റെ സൂചനയായി ഈ വിവാദത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ പാർട്ടി ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും സിപിഎം കേരള ഘടകത്തിന്റെ ഭാവി.