ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്തു; മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി

Jaihind Webdesk
Monday, February 12, 2024

വയനാട്: വയനാട് ജനവാസമേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്തു. മണ്ണുണ്ടിക്ക് സമീപമാണ് ട്രാക്ക് ചെയ്തത്. മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു.  അസ്സിസ്റ്റന്‍റ് വെറ്റിനറി സർജൻ ഡോ അജേഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലുള്ള ദൗത്യസംഘം വനത്തിനുള്ളിലേക്ക് പ്രവേശിച്ചു.

ദൗത്യത്തിനായി  ഈ പ്രദേശത്തേക്ക് നാല് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. ആനയെ ഇന്ന് തന്നെ മുത്തങ്ങയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ ആനയ്ക്ക് പിന്നാലെ കൂടിയെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. ആന അതിവേഗത്തില്‍ നീങ്ങുന്നതാണ് ദൗത്യത്തിന് പ്രതിസന്ധിയായത്. ഇന്നലെ രാത്രി വൈകിയതോടെ ദൗത്യം താത്കാലികമായി ഉപേക്ഷിച്ചത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. തുടർന്ന് രാത്രി പട്രോളിങ് ടീമുണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.