ബേലൂർ മഖ്‌നക്കായുള്ള തിരച്ചില്‍ നാലാം ദിവസവും വിഫലം; ഇരുട്ട് വീണതോടെ ദൗത്യം അവസാനിപ്പിച്ചു

Jaihind Webdesk
Tuesday, February 13, 2024

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനക്കായുള്ള തിരച്ചിൽ നാലാം ദിവസവും വിഫലം. രാവിലെ തിരച്ചിലാരംഭിക്കുമ്പോൾ ബേലൂർ മഖ്‌ന ഉടൻ പിടിയിലാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇരുട്ട് വീണതോടെ ദൗത്യമവസാനിപ്പിക്കുമ്പോൾ നിരാശയാണ് ബാക്കി. ആലത്തൂർ എസ്റ്റേറ്റിൽ കണ്ട ആന മണ്ണുണ്ടി വനമേഖലയിൽ തന്നെ തുടരുകയാണ്.

പുലർച്ചെ വനത്തിലേക്ക് തിരിച്ച വനപാലക സംഘം നൽകിയ റേഡിയോ കോളർ സിഗ്നൽ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മയക്കുവെടി വെക്കാനുള്ള ആർആർടി- വെറ്റിനറി സംഘാംഗങ്ങൾ കാടുകയറിയത്. 100 മീറ്റർ മാത്രം അകലെ വെച്ച് സംഘാംഗങ്ങൾ കാട്ടാനയെ കണ്ടെങ്കിലും വെടിവെക്കാനായില്ല. മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നെങ്കിലും പ്രതികൂല ഘടകങ്ങൾ പ്രതിബന്ധമായി. ആന മേഖലയിലെത്തിയതോടെ തിരുനെല്ലി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ചില കർഷക സംഘടനകൾ ജില്ലയിൽ മനസ്സാക്ഷി ഹർത്താലും പ്രഖ്യാപിച്ചിരുന്നു.