ഡല്‍ഹി: 1924 ലെ ബെല്‍ഗാം കോണ്‍ഗ്രസ് സമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആതിഥേത്വം വഹിക്കാന്‍ ബെലഗാവി നഗരം ഒരുങ്ങിയതായി കെ. സി. വേണുഗോപാല്‍ എംപി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധിയടക്കം ഇരുന്നൂറോളം നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 26 ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗവും 27 ന് ലക്ഷങ്ങള്‍ അണിനിരക്കുന്ന മഹാ റാലിയും നടക്കും. രണ്ട് പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.
1924-ലെ ബെല്‍ഗാം കോണ്‍ഗ്രസ് സമ്മേളനത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരു സുപ്രധാന സ്ഥാനമുണ്ടെന്ന് കെ. സി വേണുഗോപാല്‍ എംപി പറഞ്ഞു. നീണ്ട പൊതുജീവിതത്തില്‍ മഹാത്മാഗാന്ധി അധ്യക്ഷനായ ഒരേയൊരു സമ്മേളനമാണിത്. മഹാത്മഗാന്ധി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളെ കാണുകയും നിരവധി യോഗങ്ങളില്‍ അഭിസംബോധന ചെയ്യുകയും ചെയ്ത സമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ചരിത്ര പ്രാധാന്യമുണ്ടെന്ന് കെ. സി വേണുഗോപാല്‍ പറഞ്ഞു
26 ന് ഉച്ചയ്ക്ക് 2.30ന് നവ് സത്യഗ്രഹ ബൈട്ടക്ക് മഹാത്മ ഗാന്ധി നഗറില്‍ നടക്കും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെ ഇരുന്നൂറിലധികം പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. 27 ന് രാവിലെ 11.30ന് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ മഹാറാലി നടക്കും. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളടക്കം ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതാകും റാലി.
സമ്മേളനത്തില്‍ സുപ്രധാനമായ രണ്ട് പ്രമേയങ്ങള്‍ അവതരിപ്പിക്കുമെന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍, സാമ്പത്തിക അരക്ഷിതാവസ്ഥ, ഭരണഘടനയെ അവഹേളിക്കുന്ന ബിജെപി നയം തുടങ്ങിയവയടക്കം നിരവധി വിഷയങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തുന്ന മഹാ സമ്മേളനമാകും ബെലഗാവിയില്‍ നടക്കുക. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും കെ. സി വേണുഗോപാല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.